‘വസ്ത്രധാരണത്തെയാണ് അധിക്ഷേപിക്കുന്നത്, എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല’; തന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് സാനിയ ഇയ്യപ്പന്‍
കൊച്ചി: ബാലതാരമായി സിനിമയിലെത്തി നായികയായി വളര്‍ന്ന താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ സിനിമയിലൂടെ സിനിമാ ലോകത്ത് ചുവടുറപ്പിച്ച സാനിയയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ‘ലൂസിഫറി’ല്‍ സാനിയ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രത്തില്‍ അതിഗംഭീരപ്രകടനമാണ് താരം നടത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയയുടെ വസ്ത്രധാരണത്തിന് നേരെ നിരവധി പേര്‍ രൂക്ഷവിമര്‍ശനുമായി രംഗത്തെത്തിയിരുന്നു. ഈ വിമര്‍ശനങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സാനിയ. ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടറിയിച്ചത്.
‘എന്തുചെയ്യണമെന്നത് എന്റെ ഇഷ്ടമാണ്. സിനിമയില്‍ വന്ന അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു. വിമര്‍ശനം നടത്തുന്നവരോട് ഒന്ന് പറയട്ടെ. എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്.
എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാല്‍ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന പണം കൊണ്ടാണ് വാങ്ങുന്നത്. എനിക്ക് അതില്‍ അഭിമാനമാണ്. എവിടെ എന്ത് മോശം അതിനെ പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരാളെ സമൂഹമാധ്യമത്തില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്.
നെഗറ്റിവിറ്റികളെ മലയാളികള്‍ പിന്തുണയ്ക്കുന്നു. ഇത് ഒരുപക്ഷെ എന്റെ തോന്നലാകാം. നല്ലത് കണ്ടാല്‍ അത് തുറന്ന് പറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍. മുമ്പത്തേതില്‍ നിന്ന് വിമര്‍ശിക്കുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. നല്ല രീതിയില്‍ പിന്തുണയ്ക്കുന്നവരുമുണ്ട്. രണ്ട് തരം ആളുകള്‍. അത് യാഥാര്‍ത്ഥ്യവുമാണ്,’ സാനിയ പറയുന്നു.