വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ്– എടികെ മോഹൻ ബഗാൻ മത്സരത്തിനു ശേഷം ‘ഞങ്ങൾ മത്സരിച്ചത് സ്ത്രീകൾക്കൊപ്പം’ എന്ന വിവാദ പരാമർശത്തിലൂടെ പുലിവാലു പിടിച്ചതിനു പിന്നാലെ ബഗാന്റെ ഇന്ത്യൻ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ‘അപ്രത്യക്ഷമായി’.
മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായിരുന്ന ജിങ്കാന്റെ പ്രതികരണത്തിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകർ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പ്രതിഷേധം ഒരു ദിവസം പിന്നിടുമ്പോഴാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. 20,000ൽ അധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ട് ജിങ്കാൻ സ്വമേധയാ ഡീആക്ടിവേറ്റ് ചെയ്തതാണോയെന്നും വ്യക്തമല്ല.
വിവാദ പ്രതികരണത്തിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ജിങ്കാനെ ഇൻസ്റ്റഗ്രാമിൽ കൂട്ടത്തോടെ അൺഫോളോ ചെയ്തിരുന്നു. പിന്നീടു ജിങ്കാൻ ക്ഷമാപണവുമായി രംഗത്തെത്തിയെങ്കിലും ആരാധകരുടെ അമർഷം അടങ്ങിയിരുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് അക്കൗണ്ട് അപ്രത്യക്ഷമായത്.
വിട…ജിങ്കാൻ!!!#GameKnowsNoGender#BringBackJersey21
— Manjappada (@kbfc_manjappada) February 20, 2022
ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിനുശേഷം ജിങ്കാന്റെ പരാമർശം ഇൻസ്റ്റഗ്രാം സ്റ്റോറിയായി ബഗാൻ അപ്‌ലോഡ് ചെയ്തതിനു പിന്നാലെയാണു വിവാദം ചൂടുപിടിച്ചത്.