തിരുവനന്തപുരം: കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്. ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.
ആര്‍ടിപിസിആര്‍ ടെസ്റ്റിന് 1,700ല്‍ നിന്നും 500 ആക്കിയാണ് കുറച്ചത്. നേരത്തെ, നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതില്‍ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്നാണ് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വ്യാഴാഴ്ച വ്യക്തമാക്കിയത്.
എന്നാല്‍ ഇതിനു ശേഷവും സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 1,700 രൂപയാണ് ഈടാക്കിയിരുന്നത്. നിരക്ക് കുറച്ച ഉത്തരവ് കിട്ടിയില്ലെന്നാണ് സ്വകാര്യ ലാബുകളുടെ ന്യായീകരണം. ഉത്തരവ് ലഭിക്കുന്നത് വരെ 1,700 രൂപ വാങ്ങുമെന്നും ലാബ് ഉടമകള്‍ പ്രതികരിച്ചു. തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.