KeralaNews

ആണുങ്ങളെ പോലെ, അന്തസോടെ പകൽ വെളിച്ചത്തിൽ വാ…’; എംവിഡിയെ വെല്ലുവിളിച്ച് റോബിൻ ഗിരീഷ്

കൊച്ചി: റോബിൻ ബസ് വിവാദത്തിൽ പ്രതികരിച്ച് ബസുടമ ഗിരീഷ്. പകൽ വെളിച്ചത്തിൽ വന്ന് ബസ് തടയാൻ എംവിഡിയെ ഗിരീഷ് വെല്ലുവിളിച്ചു. മരിപ്പിനുള്ള ചായയും വടയും എംവിഡിക്ക് നൽകുന്നുണ്ടെന്നും മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ ബിഗ്ബിയിലെ ഡയലോഗിനെ അനുസ്‌മരിപ്പിച്ചു കൊണ്ട് ഗിരീഷ് പറഞ്ഞു.

പമ്പയിലേക്ക് ബസ് സർവീസ് നടത്തിയാൽ തടയുമെന്ന എംവിഡിയുടെ പ്രസ്‌താവനയെ ഗിരീഷ് തള്ളി. ‘ഏത് കവലയിൽ കിടക്കുന്ന ചാവാലി പട്ടിക്കും പറയാം മുതലാളിയെ നോക്കുന്ന ആള് താനാണെന്ന്, കഴിയുമെങ്കിൽ എംവിഡി തടഞ്ഞു കാണിക്കട്ടെ. ആണുങ്ങളെ പോലെ അന്തസോടെ പകൽ വെളിച്ചത്തിൽ വാ…” ഗിരീഷ് എംവിഡിയെ വെല്ലുവിളിച്ചു. എംവിഡിക്ക് മരിപ്പിനുള്ള ചായയും വടയും നൽകുമെന്നും ഗിരീഷ് പറഞ്ഞു.

നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളും അദ്ദേഹം വ്യക്തമാക്കി. ‘കെഎസ്ആർടിസി ചില റൂട്ടുകൾ കെ സ്വിഫ്റ്റിന് ഏഴെട്ട് മാസം ലീസിന് കൊടുത്തിരുന്നു. ഇതിനിടെ 26 അന്തർസംസ്ഥാന റൂട്ടുകൾ ഇവർ വിൽക്കാൻ തീരുമാനിച്ചു. എന്റെ ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല, കെ സ്വിഫ്റ്റിന്റെ പത്രപരസ്യം ഞാൻ കാണാൻ ഇടയായി. ഇവിടെ നിന്നാണ് തുടക്കം’ ഗിരീഷ് പറഞ്ഞു.

കഴിഞ്ഞ മാസം പതിനേഴാം തീയതി എന്റെ വണ്ടി പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇതിന്റെ പിറ്റേന്ന് മുതൽ ഞങ്ങൾ സർവീസ് ആരംഭിച്ചു. പത്തനംതിട്ട റാന്നിയിൽ എത്തിയപ്പോഴാണ് പിണറായി ബസ് യാത്ര ആരംഭിക്കുന്ന വിവരം അറിയുന്നത്, ഇതോടെ ഞാൻ ബദലായി അവതരിപ്പിക്കപ്പെട്ടു’ ഗിരീഷ് വ്യക്തമാക്കി.

ഗിരീഷ് വെല്ലുവിളിക്കുന്നു എന്ന തരത്തിൽ പ്രചാരണമുണ്ടായി. എന്ത് സംഭവിച്ചാലും ഈ നിയമം നടപ്പിലാക്കില്ലെന്ന് മന്ത്രി പറഞ്ഞതൊന്നും ആരും ശ്രദ്ധിച്ചില്ല. അതൊരു വെല്ലുവിളിയല്ലേ ? ഞാനും മന്ത്രിയും ഒരുപോലെ തന്നെയാണ്, എല്ലാവർക്കും ഒരു നിയമമാണ്’ ബസുടമ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസിനെ കുറിച്ചും ഗിരീഷ് പ്രതികരിച്ചു. ആറാം തീയതിയാണ് ആ ബസ് രജിസ്‌റ്റർ ചെയ്‌തത്‌. ഇൻഷുറൻസ് ഉൾപ്പെടെയുള്ളവ ഇല്ലാതെയാണ് ഈ വാഹനം രജിസ്‌റ്റർ ചെയ്‌തത്‌. കോൺട്രാക്‌ട്‌ ക്യാരേജ് കീഴിലുള്ള ബസിന് വെള്ള പെയിന്റാണ് നൽകേണ്ടത്, അതുണ്ടായില്ലെന്നും റോബിൻ ഗിരീഷ് പറയുന്നു.വരവേൽപ്പ് സിനിമയുമായി തന്റെ കഥ യോജിക്കില്ലെന്നും ഗിരീഷ് ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഇപ്പോൾ നേതൃ സ്ഥാനത്തിരിക്കുന്ന തൊഴിലാളി നേതാക്കൾ ബസിലെ സീറ്റുകൾക്ക് ആനുപാതികമായി പണം കൈപ്പറ്റുന്നുവെന്നും ഗിരീഷ് ആരോപിച്ചു. മന്ത്രിയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു സംഘടനാ നേതാവ് ഞങ്ങളെ വലച്ചു, അത് മന്ത്രി പറഞ്ഞിട്ടാണെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ഇത്രയധികം സൗകര്യങ്ങൾ ഉണ്ടായിട്ടും കെഎസ്ആർടിസി ബസുകൾ എന്തിനാണ് പുറത്തു കൊണ്ട് പോയി ബസിന്റെ ബോഡി പണിയുന്നതെന്ന ചോദ്യവും ഗിരീഷ് ഉയർത്തി. അത് അഴിമതിയല്ലേ, മന്ത്രിയുടെ അധികാര ദുർവിനിയോഗമല്ലേ; ഗിരീഷ് ചോദിച്ചു. സർക്കാരിന് എതിരോ അനുകൂലമോ അല്ലെന്നും തന്റെ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker