തിരുവനന്തപുരം: പ്രവാസിയെ തട്ടിക്കൊണ്ടുപോയി വൻ കവർച്ച. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടു പോയി സ്വർണവും പണവും തട്ടിയെടുത്തു. സംഭവത്തിൽ യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. തക്കല സ്വദേശി മുഹൈ ദീൻ അബ്ദുൾ ഖാദറിനെയാണ് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്.
ഇക്കഴിഞ്‍ 22-ന് മുഹൈദിനെ കാറിൽ തട്ടിക്കൊണ്ടുപോയി ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ട് ദിവസം കെട്ടിയിട്ടു. മുഹൈദിന്റെ കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും ചേർന്നാണ് കവർച്ച നടത്തിയത്. ദുബായിൽ വച്ച് മുഹൈദിനും ഇൻഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിൻമാറിയ മുഹൈദിനിൽ നിന്ന് ഇൻഷ ഒരു കോടി ആവശ്യപ്പെട്ടു.
ഈ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി 15 ലക്ഷത്തി 70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തത്. ഒപ്പം മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങിയതായി പരാതിയുണ്ട്. പ്രവാസിയെ സ്കൂട്ടറിൽ എയർപോർട്ടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ശംഖുമുഖം അസി. കമ്മീഷണറുടെ നേത്യത്വത്തിലായിരുന്നു അന്വേഷണം.
തിരുവനന്തപുരത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട പരാതി അറിയിച്ച വ്യക്തിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭർത്താവ് പിടിയിലായി. വിളപ്പിൽ ചെറുകോട് മോഹന മന്ദിരത്തിൽ മോഹൻദാസി(58)നെയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്. വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻ്റും ചെറുകോട് വാർഡ് മെമ്പറുമായ ലില്ലി മോഹൻ്റെ ഭർത്താവ് ആണ് മോഹൻദാസ്.
ചെറുകോട് തെക്കുമല റോഡിന്റെ ടാറിംഗുമായി ബന്ധപ്പെട്ട ശോചനീയാവസ്ഥ ചെറുകോട് സ്വദേശി സാജൻ പഞ്ചായത്ത് ഓവർസിയറോട് പരാതി പറഞ്ഞതിലുള്ള വിരോധത്തിൽ ആണ് ആക്രമണം എന്നാണ് പൊലീസ് പറയുന്നത്. റോഡിൻ്റെ ടാറിംഗുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇരുഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാകുകയും അത് കല്ലേറിലും തുടർന്ന് കയ്യാങ്കളിയിലും എത്തിയിരുന്നതായി പൊലീസ് പറയുന്നു.