29.5 C
Kottayam
Saturday, April 20, 2024

സുഹൃത്തിന്റ ഫ്‌ളാറ്റ് എന്ന് കരുതി ചെന്നുകയറിയത് മറ്റൊരു അപ്പാര്‍ട്‌മെന്റിൽ,വീട്ടുടമയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കിടക്കയില്‍ കയറിക്കിടന്നു,പിന്നീട് സംഭവിച്ചത്

Must read

ഫ്‌ളോറിഡ:മദ്യപിച്ച് ലക്കുകെട്ട് സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ആ രണ്ട് അധ്യാപകര്‍. പക്ഷേ, സുഹൃത്തിന്റ ഫ്‌ലാറ്റ് എന്ന് കരുതി അവര്‍ ചെന്നുകയറിയത് മറ്റൊരു അപ്പാര്‍ട്‌മെന്റിലായിരുന്നു. അവിടെ തീര്‍ന്നില്ല, അവരിലൊരാള്‍ അവിടെ ചെന്ന് വീട്ടുടമയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കിടക്കയില്‍ കയറിക്കിടന്നു. മറ്റേയാള്‍ വീട്ടുടമയുടെ വിലക്ക് ഗൗനിക്കാതെ ടോയ്‌ലറ്റിലേക്ക് ചെന്നു. വീട്ടിലുള്ളവര്‍ ഇവരെ തള്ളിപ്പുറത്താക്കിയെങ്കിലും അതിലൊരു അധ്യാപകന്‍ വീട്ടുടമയ്ക്കു നേരെ വെടിവെച്ചു. സംഭവം വാര്‍ത്തയായതോടെ രണ്ട് അധ്യാപകരെയും അറസ്റ്റ് ചെയ്തു. ഇവരെ ജോലിയില്‍നിന്നും പിരിച്ചുവിടുകയും ചെയ്തു

അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള എലമെന്ററി സ്‌കൂളിലുള്ള ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകരാണ് മദ്യലഹരിയില്‍ വീട്ടില്‍ കയറി പ്രശ്‌നമുണ്ടാക്കിയതിന്റെ പേരില്‍ കുടുക്കിലായത്.കഴിഞ്ഞ ആഴ്ചയിലാണ് സംഭവം. ദാരിയസ് കോഹന്‍, അകുവ ഹാള്‍ബാക്ക് എന്നീ അധ്യാപകരാണ് അറസ്റ്റിലായത്. ഇവര്‍ നന്നായി മദ്യപിച്ച ശേഷം, സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്ക് പോയതായിരുന്നു. എന്നാല്‍, ചെന്നെത്തിയത് വെറോ ബീച്ചിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിലാണ്.

അനുവാദം ചോദിക്കാതെ അകത്തു കയറിയ അധ്യാപകരിലൊരാള്‍ അവിടെയുള്ള കിടക്കയില്‍ ചെന്നുകിടന്നു. വീട്ടുടമയും ഭാര്യയും മക്കളും കിടക്കുകയായിരുന്ന കിടക്കയിലാണ് ഇയാള്‍ ചെന്നു കിടന്നത്. വീട്ടുടമ ഉടന്‍ തന്നെ ഇയാളെ തള്ളിയിറക്കി. മറ്റേ അധ്യാപകന്‍ ചെന്നു കയറിയത്, ടോയ്‌ലറ്റിലേക്കായിരുന്നു. വീട്ടുടമ അവിടെ ചെന്ന് ഇയാളെ പുറത്തേക്ക് തള്ളിയിറക്കി.

അപ്പാര്‍ട്‌മെന്റിനു പുറത്തുവെച്ചു ഇരുവരും പിന്നീട് വീട്ടുടമയുമായി തര്‍ക്കമായി. അതിനിടെ കൈയാങ്കളി നടന്നു. തുടര്‍ന്നാണ് ദാരിയസ് കോഹന്‍ വീട്ടുടമയ്ക്കു നേരെ വെടിവെച്ചത്. നാലു റൗണ്ട് വെടിവെച്ചെങ്കിലും വീട്ടുടമയുടെ പിന്‍ഭാഗത്താണ് കൊണ്ടത്. ഈ സംഭവങ്ങളെല്ലാം അപ്പാര്‍ട്‌മെന്റിലെ സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞിരുന്നു.

സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാളാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു. ഇവരുവര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു.സംഭവം വാര്‍ത്തയായാതോടെ ഇരുവരെയും ജോലിയില്‍നിന്നും നീക്കം ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week