വിരുന്നിനായി സഹപ്രവർത്തകയെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി; മദ്യം കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചു, മലപ്പുറത്ത് യുവക്കൾ അറസ്റ്റിൽ

മലപ്പുറം:പെരിന്തല്‍മണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ കൂടെ ജോലി ചെയ്യുന്ന യുവതിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ്(34) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരം ആണ്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി. മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് ചൊവ്വാഴ്ച പെരിന്തല്‍മണ്ണയില്‍ നിന്ന് ഇരുവരെയും അറസ്റ്റുചെയ്തു. എസ് ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.