KeralaNews

Ranjit Srinivasan murder: രഞ്ജിത് ശ്രീനിവാസൻ വധക്കേസ്;ശിക്ഷാവിധി ഇന്ന്

ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ (Ranjit Srinivasan) വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്. പ്രതികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ പ്രതിഭാഗത്തിന്റെ വാദം ഇന്ന് നടക്കും. ഇതിന് ശേഷമായിരിക്കും കോടതിയുടെ ശിക്ഷാവിധി. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റ വാദം. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

ഒമ്പത് മുതല്‍ 12വരെയുള്ള പ്രതികള്‍ കൊലനടത്തിയവര്‍ക്ക് സഹായവുമായി വീടിന് പുറത്തുകാത്തുനിന്നുവെന്നും 13 മുതല്‍ 15 വരെയുള്ള പ്രതികള്‍ ഗൂഡാലോചന നടത്തിയവരാണെന്നും തെളിഞ്ഞു. വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. വയലാര്‍ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോള്‍ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാല്‍ പകരം ഒരാളെ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

മണ്ണഞ്ചേരിയില്‍ ഷാന്‍ കൊല്ലപ്പെട്ടത് 2021 ഡിസംബര്‍ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന നടന്നത്. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാന്‍ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ പ്രതികള്‍ വീണ്ടും ഒത്തുകൂടിയെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു.

അര്‍ധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് തിരികെ മടങ്ങി. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ ആറിന് വീട്ടിലെത്തിയ പ്രതികള്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ആക്രമിക്കുകയായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കൊലക്കേസ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker