രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവച്ചേക്കുമെന്ന് സൂചന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് രാജിക്കായുള്ള ആവശ്യമുയർന്നത്. ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
രരഞ്ജിത്തിനെതിരേയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജി വയ്ക്കാനൊരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ. രഞ്ജിത്തിനെതിരേയുള്ള നിയമനടപടിയുമായി ബന്ധപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രഞ്ജിത്ത് പ്രഗത്ഭനായ കലാകാരനാണെന്നും നടി പരാതിയുമായി മുന്നോട്ടുവന്നാല്‍ നിയമാനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.
‘രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത് മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അതില്‍ രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുമുണ്ട്. ആ മറുപടിയും അവരുടെ ആക്ഷേപവുമാണ് നമ്മുടെ മുന്നിലുള്ളത്. അത് സംബന്ധിച്ച് അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ വരട്ടെ. അവര്‍ വന്നുകഴിഞ്ഞാല്‍ അത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ നിയമാനുസൃതം സര്‍ക്കാര്‍ സ്വീകരിക്കും. ഏതെങ്കിലുമൊരാള്‍ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാല്‍ കേസെടുക്കാന്‍ പറ്റുമോ.
അങ്ങനെയെടുത്ത ഏതെങ്കിലും കേസ് കേരളത്തില്‍ നിലനിന്നിട്ടുണ്ടോ. ആരോപണം ഉന്നയിച്ചവര്‍ പരാതി തരിക. ആര്‍ക്കെങ്കിലും രഞ്ജിത്തിനെതിരെ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടെന്ന് അന്വേഷിക്കാതെ എനിക്ക് പറയാനാകുമോ. അത് അദ്ദേഹം പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ അത് പരിശോധനയ്ക്ക് വിധേയമാക്കേണ്ട കാര്യമുണ്ടോ.
ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന പദവി രഞ്ജിത്ത് നിര്‍വഹിക്കുന്നത്. പാര്‍ട്ടിയാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തണമോയെന്ന കാര്യം ആലോചിക്കേണ്ടത്. ആരോപണത്തില്‍ എന്തെങ്കിലും വസ്തുത ഉണ്ടെങ്കില്‍ സിപിഎം എന്ന പാര്‍ട്ടി പരിശോധിക്കാതെ ഇരിക്കില്ലല്ലോ. ആ കാര്യത്തില്‍ രാഷ്ട്രീയമായ തീരുമാനം അപ്പോള്‍ ഉണ്ടാകും’, സജി ചെറിയാന്‍ പറഞ്ഞു.
മന്ത്രിയുടെ നിലപാടില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. രഞ്ജിത്തിൻ്റെ രാജി ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് സജി ചെറിയാന്റെ കോലവുമായി യൂത്ത് കോൺഗ്രസ്സ് പ്രതിഷേധവും സംഘടിപ്പിച്ചു.
നടിയുടെ ആരോപണത്തിൽ മന്ത്രി സജി ചെറിയാന്റെ നിലപാടിനെ തള്ളി വനിതാ കമ്മീഷൻ രംഗത്തുവന്നു. വിവരം അറിഞ്ഞാൽ അന്വേഷണം നടത്താമെന്ന് അധ്യക്ഷ പി. സതീദേവി വ്യക്തമാക്കി. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുമെന്നാണ് കരുതുന്നത്. ആരോപണങ്ങൾ മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച് അന്വേഷണം നടത്താമെന്നും അവർ സതീദേവി പറഞ്ഞു.
2009-ൽ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നാണ് ശ്രീലേഖ മിത്ര ആരോപിച്ചത്. ‘ആദ്യം അയാള്‍ വളകളില്‍ തൊടാന്‍ തുടങ്ങി. ഇത്തരം വളകള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് ഞാന്‍ ആദ്യം കരുതി. കഴുത്തിനരികിലേക്ക് സ്പര്‍ശനം നീണ്ടപ്പോള്‍ പെട്ടെന്ന് ഞാന്‍ ആ മുറിയില്‍ നിന്നിറങ്ങി. ഭയന്നുവിറച്ചാണ് ആ റൂമില്‍നിന്ന് പോയത്. എനിക്കറിയാത്ത ആളുകളും സ്ഥലവുമായിരുന്നു അത്. ആരെങ്കിലും എന്റെ റൂമിലേയ്ക്ക് രാത്രി കടന്നുവരുമോയെന്ന ഭയമുണ്ടായിരുന്നു. നിയമപരമായി മുന്നോട്ട് പോയിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് കരുതുന്നില്ല’, നടി പറഞ്ഞു.
സംഭവത്തെക്കുറിച്ച് നടി തന്നോട് അന്നേ പറഞ്ഞിരുന്നതായി സംവിധായകന്‍ ജോഷി ജോസഫ് പറഞ്ഞു. ‘പത്തിരുപത്തിനാല് കൊല്ലമായി കൊല്‍ക്കത്തയിലുണ്ട്. അങ്ങനെയാണ് ബംഗാളി നടി ശ്രീലേഖ മിത്രയെ രഞ്ജിത്തിന്റെ സിനിമയിലേയ്ക്ക് നിര്‍ദേശിക്കുന്നത്. അന്ന് ഞാന്‍ കൊച്ചിയില്‍ ഉള്ള സമയത്ത് ഇവര്‍ എന്നെ വിളിച്ചു. താന്‍ കൊച്ചിയിലുണ്ടെന്നും എത്രയും പെട്ടെന്ന് വരാമോയെന്നും ചോദിച്ചു. ഞാന്‍ ഓട്ടോ പിടിച്ച് ഹോട്ടലിലെത്തുകയും അവരെ വീട്ടിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു. എന്റെ അമ്മച്ചി അവിടുണ്ടെങ്കിലും ഞാന്‍ കാര്യം പറഞ്ഞില്ല.
ഞാനും ഉത്തരവാദി എന്ന നിലയില്‍ അവര്‍ എന്നോടും തട്ടിക്കയറി. സിഗരറ്റ് വലിക്കുന്ന സ്ത്രീ അവൈലബിള്‍ ആണെന്നാണ് മലയാളി പുരുഷന്മാര്‍ വിചാരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അന്ന് വിശദാംശങ്ങള്‍ എന്നോട് പറഞ്ഞു. പിന്നീട് അവര്‍ ഫ്‌ലാറ്റിലേയ്ക്ക് പോയി. ഫാദര്‍ അഗസ്റ്റ്യന്‍ വട്ടോളി, എഴുത്തുകാരി കെ.ആര്‍ മീര എന്നിവര്‍ക്ക് 12 വര്‍ഷം മുന്‍പ് ഇക്കാര്യം അറിയാം’, ജോഷി ജോസഫ് പറഞ്ഞു.