KeralaNews

പാലക്കാട് മത്സരിയ്ക്കുമോ?നിലപാട് വ്യക്തമാക്കി രമേഷ് പിഷാരടി

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടന്‍ രമേഷ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തില്‍ രമേഷ് പിഷാരടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വിശദീകരണം.

‘നിയമസഭ ഉപതിരഞ്ഞെടുപ്പ്, മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും, പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും’, പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. ഇതിനിടെയാണ് പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്ന വിവരങ്ങള്‍ പുറത്തുവന്നത്. പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണനയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വടകരയിൽ ഷാഫി പറമ്പിൽ ജയിച്ചതോടെ പാലക്കാട്ടെ രാഷ്ട്രീയ ചർച്ചകളെല്ലാം നടക്കുന്നത് അടുത്ത ഉപതെരഞ്ഞെടുപ്പിനെ കുറിച്ചാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് നേരിയ ഭൂരിപക്ഷമാണെങ്കിലും നിലവിലെ സാഹചര്യം തീർത്തും സുരക്ഷിതമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. നഗരസഭയിലെ സ്വാധീനം മുതലെടുത്ത് മുന്നിലെത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അതേസമയം വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ നില മെച്ചപ്പെടുത്താനാകും സിപിഎമ്മിൻ്റെ ശ്രമം.

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിന്ന മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫിന് ലഭിച്ചത് 52,779 വോട്ടാണ്. രണ്ടാമതെത്തിയ ബിജെപിയേക്കാൾ 9707 വോട്ടിന്‍റെ ഭൂരിപക്ഷം. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ഇതേ ട്രെൻഡ് തുടർന്നാൽ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് കണക്കുകൂട്ടൽ. ഷാഫി വടകരയിലേക്ക് വണ്ടി കയറിയപ്പോൾ തന്നെ പകരം ആര് എന്ന ചർച്ചകൾ സജീവമാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വി ടി ബലറാം എന്നിവരുടെ പേരുകളും രമേഷ് പിഷാരടിയ്‌ക്കൊപ്പം പരിഗണനയിലുണ്ട്‌

തുടർച്ചയായ നഗരസഭാ ഭരണവും കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയതിൻ്റെ ആത്മവിശ്വാസവുമാണ് ബിജെപിയുടെ കൈമുതൽ. ഇ ശ്രീധരനെ പോലെ പൊതു സമ്മതനെ ഇറക്കാനായിരിക്കും നീക്കം. അതേസമയം എൽഡിഎഫിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണ് പാലക്കാട് മുൻ തെരഞ്ഞെടുപ്പുകളിലെ കണക്കുകളൊന്നും സിപിഎമ്മിന് പ്രതീക്ഷയ്ക്ക് വകനൽകുന്നുമില്ല. 2019 ൽ നിന്ന് 2024 ൽ എത്തിയപ്പോൾ കുറഞ്ഞത് 5323 വോട്ടാണ്. ആര് മത്സരിച്ചാലും പ്രവചനാതീതമാകും പാലക്കാടൻ കാറ്റിൻ്റെ ഗതിയെന്ന് ഉറപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker