സര്‍പ്രൈസ് അതിഥി; കൈനിറയെ സമ്മാനങ്ങളുമായി മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തി ദിലീപ്; സന്തോഷം പങ്കുവെച്ച് മഹേഷ്
കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തി നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലാണ് ദിലീപ് എത്തിയത്. നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി മരണപ്പെട്ട വാഹനാപകടത്തിൽ മഹേഷ് കുഞ്ഞുമോനും ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കുകൾ ഭേദമായി തിരിച്ച് വരവ് നടത്തിയ കുഞ്ഞുമോനെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാനാണ് താരം എത്തിയത്.
ദിലീപ് വീട്ടിലെത്തിയ ചിത്രങ്ങൾ മഹേഷ് കുഞ്ഞുമോൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘ദിലീപ് ചേട്ടൻ, സർപ്രൈസ് വിസിറ്റ്’ എന്ന തലക്കെട്ടും ചിത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. ദിലീപിന്റെ നിരവധി ആരാധകരും ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘മഹേഷ് കുഞ്ഞുമോനെ കാണാൻ മധുര പലഹാരങ്ങളുമായി ജനപ്രിയ നായകൻ ദിലീപ് വീട്ടിലെത്തി’ എന്നായിരുന്നു ഇതിന്റെ തലക്കെട്ട്. ദിലീപ് കുഞ്ഞുമോന്റെ വീട്ടിൽ വരുന്നതും ബന്ധുക്കളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
https://www.instagram.com/p/C8RxHI5vatA/?utm_source=ig_embed&utm_campaign=loading
കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രശസ്ത സിനിമാതാരങ്ങളുടെയും ശബ്ദം അനുകരിച്ചാണ് മഹേഷ് കുഞ്ഞുമോൻ ശ്രദ്ധേയനായത്. വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി, ബാബു രാജ് എന്നിങ്ങനെ പല താരങ്ങളുടെയും ശബ്ദം വളരെ നല്ല രീതിയിൽ കുഞ്ഞുമോൻ അനുകരിക്കും. ‘വിക്രം’ സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി ഇദ്ദേഹം ഏവരെയും ഞെട്ടിച്ചിരുന്നു.