ഐ.എന്‍.എസ് വിശാഖപട്ടണം രാജ്യത്തിന് സമര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി: ചൈനയെ പേര് പറയാതെ വിമര്‍ശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചില ഉത്തരവാദിത്വമില്ലാത്ത രാജ്യങ്ങള്‍ അവരുടെ ഇടുങ്ങിയ താല്‍പ്പര്യങ്ങളും ആധിപത്യ പ്രവണതകളും കൊണ്ട് കടല്‍ നിയമം സംബന്ധിച്ച യുഎന്‍ കണ്‍വന്‍ഷന്റെ നിര്‍വചനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐഎന്‍എസ് വിശാഖപട്ടണം എന്ന യുദ്ധകപ്പല്‍ രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മ നിര്‍ഭര്‍ ഭാരതിനുള്ള ഉത്തരമാണ് ഐഎന്‍എസ് വിശാഖപട്ടണം. ഇന്തോ-പസഫിക് മേഖലയിലെ സമാധാനം ഇന്ത്യന്‍ നാവികസേനയുടെ ഉത്തരവാദിത്തമാണ്. സമാധാനം ഇല്ലാതാക്കാന്‍ ചില രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊജക്ട് 15ബി ശ്രേണിയിലെ നാല് കപ്പലുകളില്‍ ആദ്യത്തേതാണ് ഐഎന്‍എസ് വിശാഖപട്ടണം. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് പോവാന്‍ കഴിവുള്ള മിസൈല്‍ വേധ കപ്പലാണിത്. 163 മീറ്റര്‍ നീളവും 7000 ടണ്‍ ഭാരമുള്ള കപ്പലില്‍ ബ്രഹ്‌മോസ് അടക്കം അത്യാധുനിക മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ഹെലികോപ്റ്ററുകള വഹിക്കാനുമാകും.