കാസര്‍ഗോഡ്: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. സംഘടനാ തലത്തില്‍ കോണ്‍ഗ്രസിനു ദൗര്‍ബല്യമുണ്ടെന്നും ദേശീയ തലത്തില്‍ ശക്തമായ നേതൃത്വമില്ലാത്തത് ഒരു കാരണമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
തദ്ദേശപ്പോരിലുണ്ടായത് ആഴത്തിലുള്ള പ്രഹരമാണ്. ഇത് കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കണം. ഇല്ലെങ്കില്‍ വലിയ അപകമാണ്. പാര്‍ട്ടിയില്‍ ഇപ്പോള്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാണ്. കെപിസിസി പ്രസിഡന്റ് ഒന്നു പറയുന്നു. യുഡിഎഫ് കണ്‍വീനര്‍ വേറൊന്നു പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനു ജനങ്ങളുമായുള്ള ബന്ധം അറ്റുപോയെന്നും ഉണ്ണിത്താന്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വേണം. ഇത്രയധികം അനുകൂല കാലാവസ്ഥ യുഡിഎഫിന് ഉണ്ടായിട്ടില്ല, എന്നിട്ടും തോറ്റതിനു പുറംചികിത്സ കൊണ്ട് മാത്രം പരിഹാരമുണ്ടാക്കാനാകില്ലെന്നും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. കെ.എം. മാണിക്കും ജോസിനുമൊപ്പമാണു കേരള കോണ്‍ഗ്രസ് അനുഭാവികളെന്നു മനസിലാക്കാന്‍ യുഡിഎഫ് നേതൃത്വത്തിനായില്ലെന്നും അവരെ പറഞ്ഞയക്കുന്നതിന് പകരം എങ്ങനെയെങ്കിലും നിലനിര്‍ത്താനായിരുന്നു ശ്രമിക്കേണ്ടതെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.