വേനലവധിയില്ല,ഇനി മഴയവധി?;സ്‌കൂൾ അവധിക്കാലം ഏപ്രിൽ-മേയ്‌ മാറ്റാനുള്ള ചർച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മഴക്കാലമായ ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് തുടക്കമിടുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു.

‘കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്.’ -വി. ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ നൂറുകണക്കിന് പേരാണ് വിഷയത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. സ്വാഗതാര്‍ഹമായ നിര്‍ദ്ദേശമാണ് മന്ത്രിയുടേതെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ ടി.വി. രാജേഷ് കമന്റ് ചെയ്തു. കാലാവസ്ഥാവ്യതിയാനം കാരണം മേഘവിസ്‌ഫോടനവും അപ്രതീക്ഷിത മഴയും പ്രവചനാതീത സാഹചര്യം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പോടേണ്ട നിര്‍ദ്ദേശമാണിതെന്നും അദ്ദേഹം കുറിച്ചു.

അവധിക്കാലം മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പ്രായോഗികമല്ല എന്നാണ് ഒരാള്‍ കമന്റിട്ടത്. കുട്ടികള്‍ക്ക് പാടത്തും പറമ്പിലും കളിച്ചുതിമിര്‍ക്കാന്‍ കിട്ടുന്ന ഒരേയൊരു സമയമാണ് വേനലവധിയെന്നും അത് ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റിയാല്‍ അവര്‍ വീട്ടകങ്ങളില്‍ അടച്ചിടപ്പെടുമെന്നാണ് മറ്റൊരു കമന്റ്.

ഏപ്രില്‍, മേയ് മാസങ്ങളിലെ അവധിക്കാലം കനത്ത മഴ പെയ്യുന്ന ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റണമെന്ന്, വിദ്യാര്‍ഥി സംഘടനയായ എസ്എസ്എഫ് ഉള്‍പ്പെടെ നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു.

വി. ശിവൻകുട്ടിയുടെ പോസ്റ്റ്

കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്.
ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു.

ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.
നിങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
വി ശിവൻകുട്ടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News