ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, ലിവ് ഇൻ റിലേഷൻ; പോലീസ് ഉദ്യോഗസ്ഥയെ സിആര്‍പിഎഫ് ജവാന്‍ കൊലപ്പെടുത്തി

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, ഒരുമിച്ച് ജീവിതം;പോലീസ് ഉദ്യോഗസ്ഥയെ സിആര്‍പിഎഫ് ജവാന്‍ കൊലപ്പെടുത്തി

അഹമ്മദാബാദ്: ഒരുമിച്ച് ജീവിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ സിആര്‍പിഎഫ് ജവാന്‍ കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. പ്രതിയായ ദിലീപ് ദാങ്ചിയ ശനിയാഴ്ച രാവിലെ പോലീസുകാരി ജോലി ചെയ്തിരുന്ന സ്‌റ്റേഷനിലെത്തി കീഴടങ്ങി.

കച്ചിലെ അഞ്ജര്‍ പോലീസ് സ്റ്റേഷനില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) ആയി സേവനമനുഷ്ഠിച്ച് വരികയായിരുന്ന അരുണാബെന്‍ നതുഭായ് ജാദവ് ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി അഞ്ജാറിലെ വീട്ടില്‍ വെച്ച് 25 കാരിയായ അരുണാ ബെന്നും പങ്കാളിയും തമ്മില്‍ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. അതിനിടയില്‍ അരുണാ ബെന്‍ തന്റെ അമ്മയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതായി ദിലീപ് ദാങ്ചിയ പോലീസിനോട് പറഞ്ഞു. ഇതിന്റെ ദേഷ്യത്തില്‍ താന്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് സിആര്‍പിഎഫ് ജവാന്‍ നല്‍കിയിരിക്കുന്ന കുറ്റസമ്മത മൊഴി.

മണിപ്പൂരില്‍ നിയമിതനായ പ്രതി അരുണയുമായി ദീര്‍ഘകാല ബന്ധത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. 2021-ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News