27.6 C
Kottayam
Friday, March 29, 2024

ആന്ധ്രയിലെയും തെലങ്കാനയിലെയും കനത്ത മഴയിൽ 18 മരണം; നിരവധി പേരെ കാണാതായി: പരീക്ഷകളും മറ്റും മാറ്റിവെച്ചു

Must read

ആന്ധ്രപ്രദേശിലും, തെലങ്കാനയിലും തുടരുന്ന കനത്ത മഴയില്‍ 18 മരണം. നിരവധി പേരെ കാണാതായി. ഹൈദരാബാദില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഗതാഗതം താറുമാറായി. കര്‍ണാടകയിലെ വിവിധ ജില്ലകളിലും, മഴ ശക്തമാണ്. ബംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും. കനത്ത നാശം വിതച്ചാണ് മഴ തുടരുന്നത്. ഹൈദരാബാദില്‍ വീടിനു മുകളിലേയ്ക്ക് മതില്‍കെട്ടിടിഞ്ഞു വീണാണ് ഇന്ന് 9 പേര്‍ മരിച്ചത്.

നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നിരവധി വീടുകളില്‍ വെള്ളം കയറി. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകി പോയി. റോഡുകള്‍ വിണ്ടു കീറി. പഴക്കമുള്ള കെട്ടിടങ്ങള്‍ ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. തെലങ്കാനയിലെ ഹിമായത് സാഗര്‍ ഡാമിന്റെ 13 ഷട്ടറുകളും തുറന്നു. കൃഷിയിടങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്.കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാല ഒക്ടോബര്‍ 14, 15 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി. അതേസമയം, 16ാം തീയതിയിലെ പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.

പുതുക്കിയ തീയതി വൈകാതെ അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്‌ളാസുകളും ഒഴിവാക്കി. ആന്ധ്രാ തീരത്തും മഴ അതിശക്തമാണ്. ഇതുവരെ 5 മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധി വീടുകള്‍ തകര്‍ന്നു 500റോളം പേരെ മാറ്റി പാര്‍പ്പിച്ചു. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും, ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

24 മണിക്കൂര്‍ കൂടി മഴ തീവ്രമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.റെക്കോര്‍ഡ് മഴയോടെ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ദുരന്തം അനുഭവിക്കുന്ന ഇന്ത്യയിലെ ഏറ്റവും പുതിയ നഗര കേന്ദ്രമായി ഹൈദരാബാദ് മാറിയിരിക്കുകയാണ്. ഈ വര്‍ഷം ഇതിനകം തന്നെ കനത്ത മഴ മൂലം ജയ്പൂര്‍, ബീഹാര്‍, ഗുജറാത്തിലെ സൗരാഷ്ട്ര മേഖല, തീരദേശ കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവ വലിയ പ്രതിസന്ധികള്‍ അനുഭവിച്ചിരുന്നു.

വാരാന്ത്യത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലമാണ് തെലങ്കാനയിലെ പല ജില്ലകളിലും റെക്കോര്‍ഡ് തോതിലുള്ള മഴ പെയ്തത്. ഈ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവുമധികം മഴ ലഭിച്ചത് രംഗ റെഡ്ഡി ജില്ല, യാദാദ്രി ഭുവനഗിരി ജില്ല, മേഡല്‍-മല്‍ക്കജ്ഗിരി ജില്ല, ഹൈദരാബാദ് ജില്ലകളാണ്. ചൊവ്വാഴ്ചയ്ക്കും ബുധനാഴ്ച രാവിലെയും ഹയാത്ത് നഗറില്‍ 300 മില്ലിമീറ്റര്‍ മഴയും യാദാദ്രി ഭുവഗിരിയില്‍ 250 മില്ലിമീറ്റര്‍ മഴയും ലഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week