ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട രാഹുൽ വിയോജിപ്പിക്കളെ അടിച്ചമർത്താനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്നും ആരോപിച്ചു.
‘ഇക്കാര്യത്തിൽ ഇടപെടാനും മുകളിൽ പറഞ്ഞ ഉത്തരവുകൾ പിൻവലിച്ചുവെന്ന് ഉറപ്പാക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ലക്ഷദ്വീപിലെ ജനങ്ങൾ അവരുടെ ജീവിതരീതിയെ മാനിക്കുകയും അവരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരു വികസന കാഴ്ചപ്പാടിന് അർഹരാണ്’. രാഹുൽ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കുറിച്ചു.
ദ്വീപിന്റെ പ്രകൃതിദത്തമായ സൗന്ദര്യവും സംസ്കാരങ്ങളുടെ അതുല്യമായ സംഗമവും തലമുറകളായി ആളുകളെ ആകർഷിച്ചിട്ടുണ്ട്. ആ പൈതൃകത്തിന്റെ സൂക്ഷിപ്പുകാർ വരുംതലമുറയ്ക്കായി ദ്വീപ് സമൂഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു.
ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പ്രഖ്യാപിച്ച ജനവിരുദ്ധ നയങ്ങൾ അവരുടെ ഭാവിക്ക് ഭീഷണിയാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ കൃത്യമായി ആലോചിക്കാതെ അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായി വലിയ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഏകപക്ഷീയമായ നടപടിക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങൾ പ്രതിഷേധിക്കുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
പ്രദേശത്തെ പാരിസ്ഥിതിക പവിത്രതയെ ദുർബലപ്പെടുത്താനുള്ള പട്ടേലിന്റെ ശ്രമം അടുത്തിടെ കൊണ്ടുവന്ന ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റെഗുലേഷനിൽ വ്യക്തമാണെന്നെന്നും രാഹുൽ പറഞ്ഞു.ഹ്രസ്വകാല വാണിജ്യ നേട്ടങ്ങൾക്കായി സുരക്ഷയും സുസ്ഥിര വികസനവും ബലികഴിക്കുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ള അംഗങ്ങളെ അയോഗ്യരാക്കുന്ന പഞ്ചായത്ത് റെഗുലേഷന്റെ കരട് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.