ലക്നൗ: ഉത്തർപ്രദേശിലെ ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കാൻ ഭയന്ന് രാഹുൽഗാന്ധിയും പ്രിയങ്കയും. അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് ഇതിനാലാണെന്നാണ് റിപ്പോർട്ട്. ഇവിടങ്ങളിൽ ആരെല്ലാം സ്ഥാനാർത്ഥിയാവണമെന്നതിൽ പാർട്ടിയിൽ കടുത്ത ആശയക്കുഴപ്പമുണ്ടെന്ന് സൂചനയുണ്ട്. മത്സരിക്കാനില്ലെന്നും പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് പ്രിയങ്ക പറയുന്നത്.
സോണിയാ ഗാന്ധി ആരോഗ്യ കാരണങ്ങളാൽ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമായോടെ സോണിയയുടെ സിറ്റിംഗ് സീറ്റായ റായ്‌ബറേലിയിൽ മകൾ പ്രിയങ്ക അരങ്ങേറ്റ മത്സരത്തിനിറങ്ങുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ തന്നെ സൂചിപ്പിച്ചിരുന്നു. 2006 മുതൽ സോണിയ ലോക്‌സഭയിൽ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നു. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക.
2019-ൽ രാഹുൽ സിറ്റിംഗ് സീറ്റായ അമേഠിയിൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയോട് തോറ്റപ്പോഴും ഉത്തർപ്രദേശിലെ പാർട്ടിയുടെ ഏക സീറ്റ് റായ്‌ബറേലിയായിരുന്നു.1950 മുതൽ കോൺഗ്രസിനെ തുണയ്‌ക്കുന്ന മണ്ഡലം പ്രിയങ്കയുടെ അരങ്ങേറ്റ മത്സരത്തിന് അനുയോജ്യമാണെന്നും പാർട്ടി കരുതിരുന്നു. സോണിയ്‌ക്കായി പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയ പരിചയവും പ്രിയങ്കയ്ക്ക് ഗ്രേസ്‌മാർക്കായി പാർട്ടി കണ്ടു. .
കഴിഞ്ഞദിവസമാണ് കോൺഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള നാലാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉത്തർപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ അജയ് റായി മത്സരിക്കും. അസാം, ആൻഡമാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറാം, രാജസ്ഥാൻ, തമിഴ്‌നാട്, യു.പി, ഉത്തരാഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിലെ 46 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. സിക്കിം നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള 18 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ് വിജയ് സിംഗ് മദ്ധ്യപ്രദേശിലെ രാജ്ഗഢ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. തമിഴ്നാട്ടിൽ കാർത്തി ചിദംബരം (ശിവഗംഗ), മാണിക്കം ടാഗോർ (വിരുദ്‌നഗർ), എസ്.ജോതിമണി (കരൂർ) എന്നിവർ സിറ്റിംഗ് സീറ്റുകളിൽ തന്നെ മത്സരിക്കും. കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്ന ഡാനിഷ് അലിക്ക് 2019ൽ ബി.എസ്.പി ബാനറിൽ ജയിച്ച ഉത്തർപ്രദേശിലെ അംറോഹ നൽകി. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം തള്ളിയാണ് നീക്കം.
സംസ്ഥാനത്തെ സഹാറൻപൂരിൽ ഇമ്രാൻ മസൂദും കാൺപൂരിൽ അലോക് മിശ്രയും ഉത്തരാഖണ്ഡിലെ തീർത്ഥാടന കേന്ദ്രമായ ഹരിദ്വാറിൽ വീരേന്ദർ റാവത്തുമാണ് സ്ഥാനാർത്ഥികൾ. രാജസ്ഥാനിലെ നാഗൗർ മണ്ഡലം ഹനുമാൻ ബേനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിക്കായി ഒഴിച്ചിട്ടു.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ബി.ജെ.പിയുടെ നിതിൻ ഗഡ്‌കരിയുടെ എതിരാളി വികാസ് താക്കറെയാണ്. മറ്റ് പ്രധാന സ്ഥാനാർത്ഥികൾ: വിജയ് വസന്ത്(കന്യാകുമാരി), ഡോ. എം.കെ.വിഷ്‌ണു പ്രസാദ് (ഗൂഡല്ലൂർ), കെ.ഗോപിനാഥ് (കൃഷ്‌ണഗിരി), ശശികാന്ത് സെന്തിൽ (തിരുവള്ളൂർ).
2009ൽ സമാജ് വാദി പാർട്ടിയിലൂടെയാണ് അജയ് റായ് വാരാണസിയിൽ മത്സരിക്കാൻ തുടങ്ങിയത്. 2012ൽ കോൺഗ്രസിൽ ചേർന്നു. നരേന്ദ്രമോദി ജയിച്ച 2014, 2019 തിരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തായിരുന്നു.