KeralaNews

പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം: സംഘത്തിലെ രണ്ടുപേര്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: കല്ലന്പലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.മുള്ളറംകോട് കാവുവിള ലീല കോട്ടേജില്‍ അജികുമാര്‍ (49) ന്റെ മരണമാണ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് അജികുമാര്‍ മരിച്ചത്. സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കൊലപാതകം നടന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

അജികുമാറിന്റെ സുഹൃത്ത് സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സജീവ് ഉള്‍പ്പെട്ട സംഘമാണ് അജികുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ബിനുരാജ് വാഹനാപകടത്തില്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ദേശീയപാതയില്‍ നാവായിക്കുളം മങ്കാട്ടുവാതുക്കല്‍ ആയിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെ ബിനുരാജിനെ കെഎസ്ആര്‍ടിസി ബസിടിച്ചു. റോഡിലേക്ക് തെറിച്ച് വീണ ഇയാളുടെ ശരീരത്തിലൂടെ അത് വഴി വരികയായിരുന്ന കാര്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ബിനുരാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ജിംനേഷ്യം ഉടമയാണ് ബിനുരാജ്. ഇതേ സംഘത്തിലുണ്ടായിരുന്ന മുള്ളറംകോട് അജീഷ് ഭവനില്‍ അജിത്ത് (29) എന്ന യുവാവ് പിക്കപ്പ് ഇടിച്ച് മരിച്ചിരുന്നു. സജീവ് ഓടിച്ച പിക്കപ്പ് ഇടിച്ചാണ് അജിത്ത് മരിച്ചത്. സുഹൃത്തായ പ്രമോദിന് പരിക്കേറ്റു. അജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ എല്ലാവരും സുഹൃത്തുക്കളായിരുന്നു. എല്ലാ മരണങ്ങളും ഒരു ദിവസം തന്നെ നടന്നത് ദുരൂഹത ഉയര്‍ത്തിയിരുന്നു. സജീവിനെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് അജികുമാറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

സജീവും സുഹൃത്തുക്കളും അജികുമാറിന്റെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമോദിന്റെ മൊഴി പോലീസ് ശേഖരിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥനായ അജികുമാറിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

വിവാഹ ബന്ധം വേര്‍പെടുത്തി അജികുമാര്‍ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ പത്ര വിതരണത്തിനെത്തിയ യുവാവാണ് മരിച്ച നിലയില്‍ ആദ്യം കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളും പോലീസും സ്ഥലത്തെത്തിയത്. വര്‍ക്കല ഡിവൈഎസ്പി. നിയാസിന്റെ മേല്‍നോട്ടത്തില്‍ കല്ലന്പലം സിഐ ഫറോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button