30.6 C
Kottayam
Thursday, April 18, 2024

അഴിമതി ആരോപണം; പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി,പിന്നാലെ അറസ്റ്റ്

Must read

ചണ്ഡീഗഡ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിലെ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് മാന്‍. സംസ്ഥാനത്ത് ഒരു പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെന്‍ഡര്‍ വിളിച്ചതില്‍ ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതിനാണ് മന്ത്രിയെ പുറത്താക്കിയത്. ഇതിന് പിന്നാലെ പഞ്ചാബ് പോലീസിലെ ആന്റി കറപ്ഷന്‍ വിഭാഗം സിംഗ്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മന്ത്രി കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍ നടപടിയും അറസ്റ്റും.

ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് അഴിമതി ആരോപണം നേരിട്ട ഒരു മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നത്. 2015-ല്‍ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രിയെ അരവിന്ദ് കെജ്രിവാള്‍ പുറത്താക്കിയിരുന്നു. ആംആദ്മി പാര്‍ട്ടിയെ ഒരുപാട് പ്രതീക്ഷയോടെയാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയതെന്നും അതുകൊണ്ടുതന്നെ ഒരു ശതമാനം അഴിമതി പോലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു.

ഭാരതാംബയ്ക്ക് അരവിന്ദ് കെജ്രിവാളിനേപ്പോലെ ഒരു മകനും ഭഗവന്ത് മാനേപ്പോലെ ഒരു പട്ടാളക്കാരനുമുള്ളപ്പോള്‍ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സിംഗ്ല തന്റെ തെറ്റ് സമ്മതിച്ചിട്ടുണ്ടെന്നും മാന്‍ പറഞ്ഞു. അഴിമതിക്കെതിരേയുള്ള നിലപാട് എന്തായിരിക്കണമെന്ന് അരവിന്ദ് കെജ്രിവാളിന് വ്യക്തമായ ധാരണയുണ്ട്. അതാണ് പാര്‍ട്ടി പിന്തുടരുന്നതെന്നും സിംഗ്ലയുടെ പുറത്താക്കലിനെ ന്യായീകരിച്ച് ആംആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു.

എഎപി കണ്‍വീനറും എംപിയുമായ രാഘവ് ചദ്ദയും നടപടിയെ പ്രശംസിച്ച് രംഗത്തുവന്നു. ഇന്ത്യയില്‍ ആംആദ്മി പാര്‍ട്ടിക്ക് അല്ലാതെ ആര്‍ക്കാണ് സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്കെതിരെ പോലും ഇത്തരം ധീരമായ നടപടികളെടുക്കാന്‍ സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍പ് ഡല്‍ഹിയില്‍ കണ്ട കാര്യങ്ങള്‍ ഇപ്പോള്‍ പഞ്ചാബിലും കാണാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week