മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു
മൂവാറ്റുപുഴ: മത്സരഓട്ടത്തിനിടെ സ്വകാര്യബസ് കയറിയിറങ്ങി വീട്ടമ്മയുടെ വലതുകൈ ചതഞ്ഞരഞ്ഞു. തിരുമാറാടി എടപ്ര കവലയില്‍ ഇന്ന് രാവിലെയാണ് സംഭവം. രാമമംഗലം കിഴുമുറി ഇറുമ്പില്‍ ഇ.ആര്‍. ശശിയുടെ ഭാര്യ ഇന്ദിര (47)യ്ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടത്. സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ മറികടക്കുകയായിരുന്ന സ്‌കൂട്ടറില്‍, മത്സരിച്ച് ഓടി എത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ബസിനടിയില്‍ കുടുങ്ങിയ ഇന്ദിരയുടെ കൈപ്പത്തിക്കും തോളിനും ഇടയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. പിന്നീട് കുറേദൂരം വലിച്ചിഴച്ച ശേഷം ആണ് ബസ് നിന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ശശി ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരെയും കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.