FeaturedHome-bannerNationalNews

രാജ്യത്തിൻ്റെ പുതിയ രാഷ്ട്രപതിയാര്? തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി: അടുത്ത രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാർലമെന്‍റിൽ 63 ാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ്.

പാർലമെന്‍റ് മന്ദിരത്തില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ പത്ത് മണി ക്ക് പാർലമെന്‍റിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കും. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നതാണ് യാഥാർത്ഥ്യം. ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വം തന്നെയായിരുന്നു എൻ ഡി എ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തൽ. അറുപത് ശതമാനത്തിലധികം വോട്ട് ദ്രൗപദി ഉറപ്പാക്കിയിട്ടുണ്ട്. എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്.

പ്രതിപക്ഷത്തെ ശിവസേന, ഝാ‌ർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതാണ് ആശ്വാസം.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ചിത്രവും ഇതിനിടെ വ്യക്തമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയായി ജഗ്ദീപ് ധാൻകറിനെ എൻ ഡി എ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും സംയുക്ത സ്ഥാനാര്‍ത്ഥിയായി മാര്‍ഗരറ്റ് ആല്‍വയെ തീരുമാനിച്ചു.. ശരദ്പവാറിന്‍റെ വസതിയില്‍ ഇന്നലെ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചത്.

വനിത, ന്യൂനപക്ഷ സമുദായഗം , രാഷ്ട്രീയ പരിചയം, ദക്ഷിണേന്ത്യന്‍ പ്രാതിനിഥ്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് മാര്‍ഗരറ്റ് അല്‍വയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഉത്തരാഖണ്ട്, ഗോവ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണ്ണറും മുൻ കേന്ദ്രമന്ത്രിയുമാണ് മാർഗരറ്റ് ആൽവ. യോഗത്തില്‍ പതിനേഴ് പ്രതിപക്ഷ  പാര്‍ട്ടികളാണ് പങ്കെടുത്തതെങ്കിലും 19 പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന്  നേതാക്കള്‍ അവകാശപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ചൊവ്വാഴ്ച മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker