25.6 C
Kottayam
Wednesday, May 15, 2024

ഡോക്ടറുടെ കുറിപ്പടിയിൽ ആദ്യം ‘ശ്രീ ഹരി’, ശേഷം മരുന്ന് പട്ടിക ഹിന്ദിയിൽ: ശിവ്‌രാജ് സിങ് ചൗഹാൻ

Must read

ഭോപാൽ: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കം കുറിക്കുന്നതിനു തൊട്ടുമുൻപ്, ഇംഗ്ലിഷ് അറിയാത്തതിനാൽ നിരവധി വിദ്യാർഥികൾ മെഡിക്കൽ കോളജുകൾ വിട്ടുപോകുന്നുവെന്ന അവകാശവാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ. 

ഡോക്‌ടർമാർക്ക് കുറിപ്പടി സ്ലിപ്പുകളുടെ മുകളിൽ ‘ശ്രീ ഹരി’ എന്ന് എഴുതാമെന്നും തുടർന്ന് മരുന്നുകളുടെ പട്ടിക ഹിന്ദിയിൽ എഴുതാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മോത്തിലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മധ്യപ്രദേശിലെ മെഡിക്കൽ വിദ്യാഭ്യാസ സിലബസിന്റെ ഹിന്ദി പാഠപുസ്തകങ്ങൾ അമിത് ഷാ പുറത്തിറക്കും. 

‘‘ഒരു ഗ്രാമത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കു പോലും സ്വത്ത് വിറ്റായാലും കുട്ടികളെ ഇംഗ്ലിഷ് മീഡിയം സ്‌കൂളുകളിൽ പഠിപ്പിക്കണമെന്ന് തോന്നുന്നു. ഇംഗ്ലിഷ് അറിയാത്തതിനാൽ ഒരു വിദ്യാർഥി മെഡിക്കൽ കോളജ് ഉപേക്ഷിച്ചുപോകുന്നത് ഞാൻ കണ്ടു. തങ്ങളുടെ കുട്ടികളുടെ ഹിന്ദിയോടുള്ള മനോഭാവം മുതിർന്നവർ മാറ്റണം. ഭാഷയിൽ അഭിമാനം തോന്നുകയും അംഗീകരിക്കുകയും ചെയ്യണം. ഓരോ ഗ്രാമത്തിനും ഒരു ഡോക്ടറെ വേണം. അവർ ഹിന്ദിയിൽ കുറിപ്പടി എഴുതും. ‘ക്രോസിൻ’ എന്ന മരുന്ന് എഴുതേണ്ടി വന്നാൽ കുറിപ്പടിക്കു മുകളിൽ ‘ശ്രീ ഹരി’ എന്നെഴുതിയ ശേഷം മരുന്ന് ഹിന്ദിയിൽ എഴുതും’’– അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ഡിഎംകെ എന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ചെറുത്തിട്ടുണ്ട്. അത് പാര്‍ട്ടിയുടെ പ്രധാന തത്വങ്ങളിലൊന്നാണ്. തമിഴ്നാട് ഒരിക്കലും ഈ നീക്കത്തെ അംഗീകരിക്കില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിന് തമിഴ്നാട്ടില്‍ നിന്ന് ഒറ്റ മറുപടി മാത്രമാവും ഉണ്ടാവുക. ഹിന്ദി അറിയില്ല പോടാ എന്നാണ് അതെന്നുമായിരുന്നു ഡിഎംകെയുടെ യുവ എംഎല്‍എ ശനിയാഴ്ച ചെന്നൈയില്‍ പറഞ്ഞത്.

ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിനെതിരെ ഡിഎംകെയുടെ യുവജന വിഭാഗവും വിദ്യാര്‍ത്ഥികളും സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍. എഐഎഡിഎംകെ അല്ല തമിഴ്നാട് ഭരിക്കുന്നതെന്നും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയോ ഒ പനീര്‍സെല്‍വമോ ആണെന്നും   പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ധരിക്കരുതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. തമിഴ്നാട് ഭരിക്കുന്നത് മുത്തുവേലര്‍ കരുണാനിധി സ്റ്റാലിന്‍ ആണെന്നും ഉദയനിധി പറഞ്ഞു.

കേന്ദ്രത്തെ യൂണിയന്‍ എന്ന് മാത്രം എന്നാണ് താന്‍ വിളിക്കുക കാരണം അത് അവരെ ദേഷ്യം പിടിപ്പിക്കുമെന്നും ഉദയനിധി പരിഹസിച്ചു. തമിഴ്നാട്ടിലെ ജനങ്ങള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ സ്വീകരിക്കില്ല. 2024ലെ തെരഞ്ഞെടുപ്പില്‍ ഇതും ചര്‍ച്ചയാവുമെന്നും ഉദയനിധി പറഞ്ഞു.  2019ലെ തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ബിജെപിയെ തുരത്തിയോടിച്ചതുപോലെ തന്നെ തമിഴ്നാട്ടിലെ ജനം അവരെ തുരത്തുമെന്നും ഉദയനിധി പറഞ്ഞു. പ്രതിഷേധം വലിയ രീതിയിലേക്ക് വരുമോ ഇല്ലയോ എന്നത് തീരുമാനിക്കുന്നത് സംസ്ഥാനത്തെ യുവജനമാണെന്നും ഉദയനിധി പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്നതില്‍ പെരിയാര്‍, അണ്ണാ, കലൈഞ്ജര്‍ വീഴ്ച വരുത്തിയിട്ടില്ല. മൂന്ന് ഭാഷാ യുദ്ധമാണ് ഡിഎംകെ സംഘടിപ്പിച്ചത്. മൂന്നാം യുദ്ധത്തിലെ മുന്നണി പോരാളികള്‍ യുവജനമാണെന്നും മറ്റ് സമരങ്ങള്‍ വിജയിപ്പിച്ച പോലെ ഇതും ഫലം കാണുമെന്നും ഉദയനിധി പറഞ്ഞു.

അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ്, കേന്ദ്ര സർവകലാശാലകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങി എല്ലാ കേന്ദ്ര സർവകലാശാലകളിലും ഇംഗ്ലീഷിനുപകരം ഹിന്ദി പഠനമാധ്യമമായി ഉൾപ്പെടുത്താൻ കമ്മിറ്റി ശുപാർശ ചെയ്തതായി മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ പരോക്ഷമായി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ തമിഴ്നാടും കേരളവും അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week