27.8 C
Kottayam
Sunday, May 5, 2024

പ്രജ്ഞാല്‍ പട്ടീല്‍ തിരുവനന്തപുരം സബ് കളക്ടര്‍

Must read

തിരുവനന്തപുരം:പ്രജ്ഞാല്‍ പട്ടീല്‍ തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റു. കേരള കേഡറിലെ കാഴ്ച പരിമിതിയുള്ള ആദ്യ ഐഎഎസ് ഉദ്യോഗസ്ഥ കൂടിയാണ് പ്രജ്ഞാല്‍. ആറാം വയസിലുണ്ടായ അപകടത്തില്‍ കാഴ്ച നഷ്ടപ്പെട്ട പ്രഞ്ജില്‍ 2017ല്‍ 124-ാം റാങ്കോടെയാണ് ഐ.എ.എസ് സ്വന്തമാക്കിയത്. പരിശീലനത്തിനു പോകാതെ സ്വപ്രയത്നത്തിലൂടെയാണ് ഇവര്‍ സിവില്‍ സര്‍വീസ് സ്വന്തമാക്കിയത്. ബിരുദ വിഷയമായിരുന്ന പൊളിറ്റിക്കല്‍ സയന്‍സാണ് സിവില്‍ സര്‍വ്വീസ് ഓപ്ഷണലായി തിരഞ്ഞെടുത്തത്. വിവിധ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണ് പഠനം നടത്തിയത്. നിരവധി മോക്ക് ഇന്റ്റര്‍വ്യൂകളില്‍ പങ്കെടുത്തത് ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായിച്ചതായും പ്രജ്ഞാല്‍ പട്ടീല്‍ പറഞ്ഞു. തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റതിന്റെ സന്തോഷവും അവര്‍ രേഖപ്പെടുത്തി.

ആദ്യമെഴുതിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 773-ാം റാങ്ക് നേടിയ പ്രജ്ഞാലിന് റെയില്‍വേ അക്കൗണ്ട്സില്‍ ജോലി ലഭിച്ചെങ്കിലും കാഴ്ചപരിമിതി കാരണം പ്രവേശിക്കാനായില്ല. എറണാകുളത്ത് അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് സബ് കളക്ടറായി തിരുവനന്തപുരത്ത് എത്തുന്നത്. മുംബൈ സെന്റ് സേവ്യേഴ്സില്‍ നിന്ന് ബിരുദവും ഡല്‍ഹി ജെ.എന്‍.യുവില്‍ നിന്ന് ഇന്റര്‍നാഷണല്‍ റീലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. ഭര്‍ത്താവും അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് കുടുംബം. സാമൂഹിക നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പുതിയ സബ് കളക്ടര്‍ ചുമതലയേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week