പ്രജ്ജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണ അറസ്റ്റിൽ
ബെംഗളൂരു: മുന്‍ എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരനും ജെ.ഡി.എസ്. എം.എല്‍.സി.യുമായ സൂരജ് രേവണ്ണ പീഡനക്കേസില്‍ അറസ്റ്റില്‍. ജെഡിഎസ് പാര്‍ട്ടി പ്രവര്‍ത്തകനായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് സൂരജ് രേവണ്ണയെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
ജോലി ലഭിക്കാന്‍ സഹായം ആവശ്യപ്പെട്ട് പോയപ്പോള്‍ ഹാസനിലെ ഫാംഹൗസില്‍വെച്ച് സൂരജ് രേവണ്ണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് 27-കാരനായ പരാതിക്കാരന്റെ ആരോപണം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം, സംഭവം വ്യാജപരാതിയാണെന്നാണ് സൂരജ് രേവണ്ണയുടെ പ്രതികരണം.
അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് പരാതിക്കാരന്‍ നേരത്തെ സമീപിച്ചിരുന്നതായും പണം നല്‍കിയില്ലെങ്കില്‍ സൂരജിനെ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സൂരജ് രേവണ്ണയുടെ സുഹൃത്തായ ശിവകുമാര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവകുമാര്‍ കഴിഞ്ഞദിവസം യുവാവിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിപ്രകാരം യുവാവിനും ബന്ധുവിനുമെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
ലൈംഗികപീഡനക്കേസില്‍ പ്രജ്ജ്വല്‍ രേവണ്ണ റിമാന്‍ഡില്‍ ജയിലില്‍ കഴിയുമ്പോഴാണ് ജെ.ഡി.എസിന് മറ്റൊരു തിരിച്ചടിയായി സൂരജിന്റെപേരിലും കേസ് വന്നിരിക്കുന്നത്. ഇരുവരുടെയും പിതാവ് എച്ച്.ഡി. രേവണ്ണക്കെതിരേ പീഡനത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയതിനും കേസുണ്ട്.