32.3 C
Kottayam
Friday, March 29, 2024

ലഹരിപ്പാർട്ടി: അന്വേഷണം തലസ്ഥാനത്തെ മോഡലിലേക്ക്, 5 ലക്ഷത്തിന്റെ ഇടപാട് നടന്നെന്ന് എക്സൈസ്

Must read

തിരുവനന്തപുരം: പൂവാർ ലഹരിപാർട്ടിയിൽ അഞ്ച് ലക്ഷത്തിന് മുകളിൽ മൂല്യമുള്ള ലഹരി ഇടപാട് നടന്നെന്ന് എക്സൈസ് കണ്ടെത്തി. പണം ലഹരിമരുന്നിന്റെ ആവശ്യക്കാർ ഓണ്‍ലൈനായി കൈമാറി. തിരുവനന്തപുരത്തെ മോഡലിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും.

ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തായി. കാരക്കാട് റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരി പാർട്ടികളെന്നാണ് വിവരം. എല്ലാത്തിനും മേൽനോട്ടം വഹിച്ചത് അക്ഷയ് മോഹനായിരുന്നു. റെയ്ഡ് നടന്ന ഇന്നലെയും ഇന്നും ലഹരി പാർട്ടി നടത്താൻ പദ്ധതിയിട്ടു. ശനിയാഴ്ച നടന്ന ലഹരിപാർട്ടിയുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ലഹരിമരുന്ന് എത്തിച്ചത് ഗോവ, മഹാരാഷ്ട്ര , ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ്. പിടിയിലാവരുടെ വീടുകളിൽ എക്സൈസ് റെയ്ഡ് നടത്തുകയാണ്.

കേസിലെ മുഖ്യപ്രതിയും ഡിജെ സംഘാടകനുമായി ആര്യനാട് സ്വദേശി അക്ഷയ് മോഹൻ ലഹരി മരുന്ന് കച്ചവടം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൻ്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്ത അക്ഷയ് 22 ദിവസമാണ് ജയിൽ ശിക്ഷ അനുഭവിച്ചത്. നിർവാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിൽ കേരളത്തിനകത്തും പുറത്തുമായി അക്ഷയ് ഡിജെ പാർട്ടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 

പൂവാർ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ കേസിൽ മൂന്ന് പ്രതികളെ ഇന്ന് റിമാൻഡ് ചെയ്തേക്കും. പാ‍ർട്ടിയുടെ സംഘാടകരായിരുന്ന അക്ഷയ് മോഹൻ, അഷ്ക്കർ, പീറ്റർഷാൻ എന്നിവരാണ് പ്രധാന പ്രതികൾ. ബെംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കളെത്തിച്ചതെന്നാണ് ഇവരുടെ മൊഴി. 

മുഖ്യപ്രതികള്‍ ഉൾപ്പെടെ 19 പേരെ എക്സൈസ് കസ്റ്റഡയിൽ എടുത്തിരുന്നു. ഇൻഡോ‍ർ സ്വദേശിയായ ഒരു സ്ത്രീയെയും എക്സൈസ് കസ്റ്റഡയിലെടുത്തിരുന്നു. എന്നാൽ മൂന്നുപേരൊഴികെ മറ്റുള്ളവരെല്ലാം പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരായതിനാൽ ജാമ്യം നൽകി വിട്ടയക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

പൂവ്വാറിലെ കാരക്കാട് റിസോർട്ടിൽ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും ഉപയോഗിച്ചായിരുന്നു പാർട്ടി. രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. 

നിര്‍വാണാ മ്യൂസിക് ഫെസ്റ്റ് എന്ന പേരില്‍ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങൾ വഴിയാണ് ലഹരിപാര്‍ട്ടിക്കായി ആളെ സംഘടിപ്പിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിക്ക് ഒത്ത് കൂടിയ സംഘം 9 മണി വരെ ഡിജെ പാര്‍ട്ടി നടത്തി. അതിന് ശേഷമായിരുന്നു എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നീ മാരക ലഹരി മരുന്നുകള്‍ ഉപയോഗിച്ച് നടത്തിയ റേവ് പാര്‍ട്ടി. പെണ്‍കുട്ടികളടക്കം പങ്കെടുത്ത പാര്‍ട്ടി ഇന്ന് രാവിലെ വരെ നീണ്ടു.

ഒരാള്‍ക്ക് പാര്‍ട്ടിയില്‍ പങ്കെടുക്കാൻ ആയിരം രൂപയാണ് ചെലവ്. ലഹരിക്കും മദ്യത്തിനും പണം വേറെ നല്‍കണം. ബോബെയില്‍ നിന്നും രണ്ട് പേര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തി. അക്ഷയ് മോഹൻ, പീറ്റര്‍ ഷാൻ, ആകാശ് എന്നിവരായിരുന്നു സംഘാടകര്‍. രഹസ്യവിവരത്തെ തുടര്‍ന്ന് വനിതാ എക്സൈസ് ഉദ്യോഗസ്ഥ അടക്കമുള്ള 20 അംഗ സംഘം ഉച്ചയോടെ റിസോര്‍ട്ട് വളഞ്ഞു. ബോട്ട് സഞ്ചാരത്തിനെത്തിയ വിനോദസഞ്ചാരികള്‍ എന്ന തരത്തില്‍ സംശയം തോന്നാത്ത വിധമായിരുന്നു എക്സൈസ് നീക്കം. ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഓരോ കോട്ടേജിലും ലഹരി ഉപയോഗം തകൃതിയായി നടക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പടെ 17 പേരെ വൈകിട്ടോടെ ബോട്ടില്‍ എക്സൈസ് സംഘം റിസോര്‍ട്ടില്‍ നിന്ന് മാറ്റി. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കായി തെരച്ചിൽ ഊര്‍ജ്ജിതമാക്കി. ഉച്ചക്കട സ്വദേശി സഞ്ജിത്തിന്‍റെ പേരിലാണ് റിസോര്‍ട്ട്. പീറ്റര്‍, ആല്‍ബിൻ, രാജേഷ് എന്നിവര്‍ വാടകയ്ക്കാണ് ഇപ്പോള്‍ റിസോര്‍ട്ട് നടത്തുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week