കൊച്ചി: കൊച്ചിയില്‍ കാര്‍ അപകടത്തില്‍ മോഡലുകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സൈജു തങ്കച്ചന്‍ ലഹരിക്ക് അടിമയെന്ന് പോലീസ്. സൈജു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇയാള്‍ക്കെതിരെ സ്വമേധയ കേസെടുക്കുന്നത് പരിഗണനയിലുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. മോഡലുകളുടെ കാറിനെ സൈജു പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായത്. ഡിജെ പാര്‍ട്ടികളില്‍ സൈജു എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ എത്തിച്ചിരുന്നുവന്നും അദ്ദേഹം വ്യക്തമാക്കി.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചു. പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജുവിന്റെ മൊഴിയിലുണ്ട്. ഈ ഉദേശത്തില്‍ തന്നെയാണ് മരിച്ച മോഡലുകളെയും സൈജു സമീപിച്ചത്.
അതേസമയം, പോലീസ് കസ്റ്റഡിയിലെടുത്ത സൈജുവിന്റെ ഔഡി കാറില്‍ നിന്നും ഉപയോഗിച്ച വില കൂടിയ ഇനം ഗര്‍ഭനിരോധന ഉറകളുടെ ഒരു ഡസന്‍ കവറുകള്‍, ഉപയോഗിക്കാത്ത ഗര്‍ഭനിരോധന ഉറകള്‍, ഡിജെ പാര്‍ട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോ ഫോണുകള്‍, പെഗ് മെഷറും ഗ്ലാസുകള്‍, ഡിക്കിയില്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക എന്നിവ കണ്ടെത്തി.
കാക്കനാട് രാജഗിരി വാലിയിലെ ലാവന്‍ഡര്‍ അപ്പാര്‍ട്ട്മെന്റില്‍നിന്നു ഞായറാഴ്ചയാണ് പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ സ്വദേശിയില്‍നിന്ന് 20 ലക്ഷം രൂപയ്ക്കാണ് സൈജു കാര്‍ വാങ്ങിയത്. കാറിന്റെ ഉമസ്ഥാവകാശം ഇതുവരെ മാറ്റിയിട്ടില്ല. കാര്‍ വാങ്ങാനുള്ള പണം സൈജുവിന് എങ്ങനെ ലഭിച്ചു വെന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.