വിദേശജോലി വൈകുമെന്ന് ആശങ്ക; കോട്ടയത്ത് നഴ്സ് ജീവനൊടുക്കി

മണിമല: ഒമിക്രോണ്‍ വ്യാപനം മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന്‍ വൈകുമെന്ന വിഷമത്തില്‍ നഴ്‌സായ യുവതി ജീവനൊടുക്കി. വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ നിമ്മി പ്രകാശ് (27) ആണു മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ മണിമല വള്ളംചിറയിലെ ഭര്‍തൃഗൃഹത്തിലെ ബെഡ്റൂമിലാണു യുവതി തൂങ്ങിമരിച്ചത്.

കര്‍ണാടകയില്‍ നഴ്സായിരുന്ന നിമ്മി സ്വീഡനില്‍ ജോലി ശരിയായതോടെ രണ്ടുമാസം മുമ്പാണു മണിമലയിലെ വീട്ടിലെത്തിയത്. കോവിഡ് മൂലം വിദേശജോലി നഷ്ടപ്പെട്ട ഭര്‍ത്താവ് റോഷന്‍ പാലായിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷം മുമ്ബായിരുന്നു വിവാഹം. കുടുംബപ്രശ്നങ്ങളോ സാമ്ബത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ വ്യക്മാക്കി.

ഞായറാഴ്ച ഇരുവരും വള്ളംചിറയിലെ ഇടവകപ്പള്ളിയില്‍ പോയിരുന്നു. തിരികെ വീട്ടിലെത്തി റോഷന്റെ മാതാപിതാക്കളുമൊരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം നിമ്മി മുറിയിലേക്കു പോയി. കുറേക്കഴിഞ്ഞ് റോഷന്‍ ചെല്ലുമ്‌ബോള്‍ ബെഡ്റൂമിന്റെ കതക് ഉള്ളില്‍നിന്നു പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ കതക് വെട്ടിപ്പൊളിച്ചപ്പോള്‍ നിമ്മിയെ ഷാളില്‍ കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണു കണ്ടത്. ഷാള്‍ മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News