ആരോരുമില്ലാത്ത വയോധികന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വിമുഖത കാണിച്ച് നാട്ടുകാര്‍, രണ്ടു കിലോമീറ്ററോളം മൃതദേഹം ചുമന്ന് വനിതാ ഇന്‍സ്പെക്ടര്‍; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി
ശ്രീകാകുളം: പോലീസ് എന്നാല്‍ ജനസേവകര്‍ എന്നാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ആന്ധ്രയിലെ പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി. ജോലിയുടെ ഭാഗമായുള്ള സേവനം മാത്രമായിരുന്നില്ല ഒരു കാരുണ്യപ്രവൃത്തി കൂടിയായിരുന്നു കെ സിരിഷ എന്ന സബ് ഇന്‍സ്പെക്ടറുടേത്. ആരെന്നറിയാത്ത ഒരു വയോധികന്റെ മൃതശരീരം സംസ്‌കരിക്കാന്‍ രണ്ട് കിലോമീറ്ററോളമാണ് ഇന്‍സ്പെക്ടര്‍ തന്റെ തോളില്‍ ചുമന്നത്.
ശ്രീകാകുളം പലാസയിലെ നെല്‍പ്പാടത്തിലൂടെ സബ് ഇന്‍സ്പെക്ടര്‍ മൃതശരീരവും ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സിരിഷയുടെ സത്പ്രവര്‍ത്തി ലോകമറിഞ്ഞത്. അശരണനായ വൃദ്ധന്റെ മൃതശരീരം സംസ്‌കരിക്കാന്‍ ഗ്രാമീണര്‍ വിമുഖത പ്രകടിപ്പിച്ചതിനാലാണ് മറ്റൊരിടത്തേക്ക് മാറ്റി സംസ്‌കരിക്കാന്‍ തീരുമാനമായത്. മൃതദേഹം എടുക്കാന്‍ മറ്റുള്ളവര്‍ മടിച്ചപ്പോള്‍ സിരിഷ തന്നെ മുന്നോട്ടു വരികയായിരുന്നു.
മാഡം മാറിനിന്നോളൂ, ഞാനെടുക്കാം എന്ന് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. സാരമില്ല ഞാന്‍ ചെയ്യാമെന്ന് ഇന്‍സ്പെക്ടര്‍ മറുപടി നല്‍കുന്നതും വീഡിയോയിലുണ്ട്. ആന്ധ്രാപ്രദേശ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
സിരിഷയുടെ പ്രവര്‍ത്തിക്ക് ഡിജിപി ഗൗതം സാവംഗ് ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദന പ്രവാഹമാണ്. തിങ്കളാഴ്ച മുതല്‍ ഇന്റര്‍നെറ്റില്‍ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടത്. നിരവധി പേര്‍ വീഡിയോയും ചിത്രങ്ങളും ഷെയര്‍ ചെയ്തു.