KeralaNews

പെറ്റി അടയ്ക്കാത്തതിന് പിഞ്ചു കുഞ്ഞിനെ കാറില്‍ തനിച്ചാക്കി പോലീസ് താക്കോല്‍ ഊരിയെടുത്തു; പരാതിയുമായി മാതാപിതാക്കള്‍

തിരുവനന്തപുരം: പെറ്റി അടയ്ക്കാത്തതിന്റെ പേരില്‍ മൂന്ന് വയസുകാരിയായ മകളെ കാറില്‍ തനിച്ചാക്കി പോലീസ് താക്കോല്‍ ഊരിയെടുത്തുവെന്ന് പരാതി. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തി. ഫെബ്രുവരി 23ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് വെച്ചാണ് സംഭവം നടന്നത്.

തിരുവനന്തപുരം സ്വദേശിയായ ഷിബുകുമാറും ഭാര്യ അഞ്ജന സുരേഷും കുഞ്ഞും കാറില്‍ പോകുന്ന സമയത്ത് ബാലരാമപുരത്ത് വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നും 1500 രൂപ പിഴയൊടുക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. ഗാനമേളക്ക് സംഗീതോപകരണങ്ങള്‍ വായിക്കുന്നയാളാണ് താനെന്നും ഭാര്യ അഞ്ജന ഗായികയാണെന്നും തങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി പരിപാടികളിലൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഇത്രയും തുക അടക്കാനാവില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

പക്ഷെ പോലീസ് ഇളവ് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങി. അതിനിടെ അതിവേഗതയില്‍ പോകുന്ന മറ്റു വാഹനങ്ങളെ എന്തുകൊണ്ട് തടയുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ഷിബുകുമാറിനെ പോലീസ് മര്‍ദിക്കാന്‍ തുടങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതുകണ്ട് കാറില്‍ നിന്ന് പുറത്തിറങ്ങിയ അഞ്ജന ഈ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കാന്‍ തുടങ്ങിയതോടെ പോലീസുദ്യോഗസ്ഥന്‍ ദേഷ്യപ്പെട്ട് കാറിനടുത്തേക്ക് വന്നു. കാറിനുള്ളില്‍ നിന്നും താക്കോല്‍ ഊരിയെടുത്ത പോലീസ് ഡോര്‍ ലോക്ക് ചെയ്യുകയും ചെയ്തു.

ഈ സമയമെല്ലാം കുഞ്ഞ് അകത്തിരുന്ന് നിലവിളിക്കുന്നുണ്ടായിരുന്നെങ്കിലും പോലീസ് അത് പാടേ അവഗണിക്കുകയും തങ്ങള്‍ക്കെതിരെ ആക്രോശിക്കുകയുമായിരുന്നെന്നാണ് അഞ്ജന പറയുന്നത്. ‘ഭര്‍ത്താവിനെ അടിക്കാനൊരുങ്ങുന്നത് കണ്ടപ്പോള്‍ ഞാന്‍ കാറില്‍ നിന്ന് പുറത്തിറങ്ങി. കുട്ടി കാറിനകത്ത് ഇരിക്കുകയായിരുന്നതുകൊണ്ട് എനിക്ക് അങ്ങോട്ട് പോകാന്‍ കഴിയില്ലായിരുന്നു. അപ്പോഴാണ് ഒരു പോലീസുകാരന്‍ ഇങ്ങോട്ട് വേഗത്തില്‍ വന്നത്. അപ്പോള്‍ ഞാന്‍ വീഡിയോ ഓണ്‍ ചെയതു’ അഞ്ജന പറയുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസെടുത്ത് അകത്താക്കുമെന്നാണ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതെന്നും അഞ്ജന പറഞ്ഞു. ഇയാള്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അഞ്ജന പകര്‍ത്തിയ വീഡിയോയിലുണ്ട്.

കുട്ടി കരയുന്നത് കണ്ടതോടെ തങ്ങള്‍ അവിടെ നിന്നും പോലീസിനോട് മറ്റൊന്നും പറയാന്‍ നില്‍ക്കാതെ പോയെന്നും പിന്നീട് ഇതേ കുറിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്ന് വെച്ച് വിട്ടുകളഞ്ഞതാണെന്നും ഷിബു പറഞ്ഞു. എന്നാല്‍ ആറ്റിങ്ങലില്‍ അച്ഛനും മകള്‍ക്കുമെതിരെ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവം കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ടുവരാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker