24.9 C
Kottayam
Wednesday, May 15, 2024

വീണ്ടും പോലീസിന്റെ ക്രൂരമര്‍ദനം; ട്രെയിന്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, ദൃശ്യങ്ങള്‍ പുറത്ത്

Must read

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് പോലീസ്. സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പോലീസ് ചവിട്ടിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ് അന്വേഷണ ചുമതല. മനുഷ്യാവകാശ ലംഘനമുണ്ടായോ എന്നും അന്വേഷിക്കും.

മര്‍ദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പുറത്തായതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്ഐ പ്രമോദ് രംഗത്തെത്തി. റെയില്‍വേ പോലീസും സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.

കംപാര്‍ട്ട്‌മെന്റ് മാറിക്കയറിയ യാത്രക്കാരന്‍ ആരെന്നോ അയാളുടെ പശ്ചാത്തലമെന്തെന്നോ ഒന്നും അന്വേഷിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെയായിരുന്നു എഎസ്‌ഐ മര്‍ദനം തുടങ്ങിയത്. അയാള്‍ മദ്യലഹരിയിലായിരുന്നു എന്നതായിരുന്നു മര്‍ദിക്കാന്‍ കാരണം. എന്നാല്‍, ഈ യാത്രികന്‍ മറ്റുള്ളവര്‍ക്കു യാതൊരു ബുദ്ധിമുട്ടോ ശല്യമോ ഉണ്ടാക്കാതെ സീറ്റില്‍ ഇരിക്കുകയായിരുന്നെന്നു മറ്റു യാത്രക്കാര്‍ പറയുന്നു.

ആദ്യം കരണത്ത് അടിച്ചപ്പോള്‍ത്തന്നെ യാത്രക്കാരന്‍ കുഴഞ്ഞു താഴേക്കു വീണു. വീണു കിടക്കുന്നയാളെ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടി പുറത്തേക്കു തള്ളുന്ന ദൃശ്യങ്ങളാണ് സമീപത്തുണ്ടായിരുന്ന യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. സമീപമുണ്ടായിരുന്ന യാത്രക്കാര്‍ പലരും ഇങ്ങനെ മര്‍ദിക്കരുതെന്നു വിലക്കിയതു വകവയ്ക്കാതെയാണ് എഎസ്‌ഐ മര്‍ദനം നടത്തിയതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

വടകര സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്കാണ് ചവിട്ടിത്തള്ളിയിട്ടത്. ഇവിടെ പ്ലാറ്റ്‌ഫോമില്‍ വീണു കിടന്ന യാത്രക്കാരനെ പിന്നീട് ആശുപത്രിയിലേക്കു മാറ്റിയെന്നും പറയുന്നുണ്ട്. അതേസമയം, സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നു കണ്ണുര്‍ ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു. കേരള പോലീസില്‍നിന്ന് ഡപ്യൂട്ടേഷനില്‍ റെയില്‍വേ പോലീസില്‍ ജോലി ചെയ്യുന്ന എഎസ്‌ഐ പ്രമോദ് ആണ് യാത്രക്കാരന്റെ മര്‍ദിച്ചത്.

കൂടെയൊരു പോലീസുകാരന്‍ കൂടി ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഇതിലൊന്നും പങ്കെടുക്കാതെ നില്‍ക്കുകയായിരുന്നു. ഇതിനിടെ, മര്‍ദനം വിലക്കിയ യാത്രക്കാരോടും എഎസ്‌ഐ ടിക്കറ്റ് ചോദിച്ചെങ്കിലും അവര്‍ കൊടുക്കാന്‍ തയാറായില്ല. ടിടിആര്‍ വന്നു ചോദിച്ചാല്‍ ടിക്കറ്റ് കാണിക്കാമെന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം. പോലീസിനെതിരേയും ആഭ്യന്തരവകുപ്പിനെതിരേയും കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തുവന്നു. കിരാതമായാണ് പോലീസ് പെരുമാറുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാതി കൊടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോകാന്‍ ജനങ്ങള്‍ക്കിപ്പോള്‍ പേടിയാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week