
ന്യൂഡല്‍ഹി: 2025-ലെ പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമിന്റെ രജിസ്‌ട്രേഷന്‍ വിന്‍ഡോ മാര്‍ച്ച് 12-ന് അവസാനിക്കുമെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം. താത്പര്യമുള്ള, യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അതിനു മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ചുനല്‍കണമെന്ന് മന്ത്രാലയം അറിയിച്ചു. pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് അപേക്ഷ നല്‍കാനുള്ള സൗകര്യമുള്ളത്.
യുവാക്കള്‍ക്ക് മികച്ച ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുന്നതിനും അക്കാദമിക് പഠനത്തിനും സര്‍ക്കാര്‍ രൂപകല്പന ചെയ്ത സംരംഭമാണ് പി.എം. ഇന്റേണ്‍ഷിപ്പ് പദ്ധതി. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ 21-24 വയസ്സിനിടയിലുള്ള യുവാക്കള്‍ക്ക് മികച്ച 500 കമ്പനികളില്‍ 12 മാസത്തെ ഇന്റേണ്‍ഷിപ്പ് ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.
രാജ്യപുരോഗതിക്ക് അര്‍ഥവത്തായ സംഭാവന നല്‍കാന്‍ കഴിയുന്ന വൈദഗ്ധ്യവും ശാക്തീകരണവും അറിവുമുള്ള തൊഴില്‍ ശക്തിയെ സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് പി.എം. ഇന്റേണ്‍ഷിപ്പ് പദ്ധതിയെന്നാണ് pminternship.mca.gov.in വെബ്‌സൈറ്റില്‍ പരിചയപ്പെടുത്തുന്നത്. സൈദ്ധാന്തികമായ അറിവും പ്രായോഗികമായ അനുഭവവും തമ്മിലുള്ള വിടവ് നികത്തുന്നതിലൂടെ, ഭാവിയിലെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തയ്യാറായ വൈദഗ്ധ്യമുള്ള യുവാക്കളെ കെട്ടിപ്പടുക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും വെബ്‌സൈറ്റിലുണ്ട്.
പി.എം. ഇന്റേണ്‍ഷിപ്പ് സ്‌കീം 2025; രജിസ്റ്റര്‍ നടപടിക്രമം
ഘട്ടം 1. pminternship.mca.gov.in എന്ന വെബ്‌സൈറ്റിലേക്ക് കടക്കുക
ഘട്ടം 2. ഹോം പേജിലെ രജിസ്റ്റര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3. നിങ്ങള്‍ പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടും ഘട്ടം
4. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പൂരിപ്പിച്ച് സബ്മിറ്റ് അമര്‍ത്തുക ഘട്ടം
5. ഉദ്യോഗാര്‍ഥി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി പോര്‍ട്ടലില്‍ ഒരു റെസ്യൂമെ ക്രിയേറ്റ് ചെയ്യപ്പെടും ഘട്ടം
6. സ്ഥലം, മേഖല, പ്രവര്‍ത്തനപരമായ പങ്ക്, യോഗ്യത എന്നിവ അടിസ്ഥാനമാക്കി അഞ്ച് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ക്ക് വരെ അപേക്ഷിക്കാം.
ഘട്ടം 7. ആപ്ലിക്കേഷന്‍ ഫോം സേവ് ചെയ്യുക.