ഇതിലും മോശം സിനിമകൾക്ക് ഇത്രയും കേൾക്കേണ്ടിവന്നിട്ടില്ല, ചില പ്രതികരണങ്ങൾ വിഷമിപ്പിച്ചു;സൂര്യ ചിത്രത്തിന്റെ പരാജയത്തില്‍ ജ്യോതിക

ചെന്നൈ: വൻമുതൽമുടക്കിൽ ചിത്രീകരിച്ച് ഏറെ പ്രതീക്ഷയുമായെത്തിയെങ്കിലും തിയേറ്ററുകളിൽ പരാജയം രുചിക്കാൻ വിധിക്കപ്പെട്ട ചിത്രമായിരുന്നു ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ കങ്കുവ. റിലീസ് ദിനം മുതലേ രൂക്ഷമായ വിമർശനങ്ങളും പരിഹാസവുമായിരുന്നു ചിത്രത്തിന് നേരിടേണ്ടിവന്നത്. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പങ്കുവെച്ചിരിക്കുകയാണ് സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക. തന്റെ പുതിയ സീരീസായ ഡബ്ബാ കാർട്ടലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു കങ്കുവയുടെ പരാജയത്തേക്കുറിച്ച് അവർ സംസാരിച്ചത്.
സൂര്യക്കും കങ്കുവ എന്ന ചിത്രത്തിനുമെതിരെ ഉയർന്ന വിമർശനങ്ങളെ എങ്ങനെ നേരിട്ടു എന്നായിരുന്നു അവതാരകയുടെ ചോദ്യം. “ദക്ഷിണേന്ത്യയിലിറങ്ങിയവയിൽ ധാരാളം മോശം വാണിജ്യസിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അവയെല്ലാം നല്ല രീതിയിൽത്തന്നെയാണ് വിമർശനം ഏറ്റുവാങ്ങിയിട്ടുള്ളത്. പക്ഷേ സൂര്യയുടെ സിനിമയിലേക്ക് വരുമ്പോൾ ആ വിമർശനം കുറച്ചധികം കഠിനമായി തോന്നിയിട്ടുണ്ട്. ആ ചിത്രത്തിൽ ഒരുപക്ഷേ നല്ലതല്ലാത്ത ഭാഗങ്ങൾ ഉണ്ടായിരിക്കും. പക്ഷേ ധാരാളം പരിശ്രമം വേണ്ടിവന്ന ചിത്രമായിരുന്നു അത്. എന്നാൽ ചില ദയനീയമായ ചിത്രങ്ങളെക്കാൾ കങ്കുവയ്ക്ക് കൂടുതൽ കഠിനമായ പ്രതികരണങ്ങൾ കണ്ടപ്പോൾ, അത് എനിക്ക് കൂടുതൽ വിഷമവും അസ്വസ്ഥതയും തോന്നി”. ജ്യോതികയുടെ മറുപടി ഇങ്ങനെയായിരുന്നു.
കങ്കുവയ്ക്ക് ലഭിച്ച നെഗറ്റീവ് റിവ്യൂകളെക്കുറിച്ച് മുൻപും ജ്യോതിക പ്രതികരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എഴുതിയ നീണ്ട കുറിപ്പിൽ നല്ലതൊന്നും ആരും കാണുന്നില്ല എന്നായിരുന്നു ജ്യോതിക എഴുതിയത്. ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിനെതിരെ നെഗറ്റീവ് പ്രചരിപ്പിച്ചവെന്നത് ദുഃഖകരമാണ്. ആദ്യ ഷോ അവസാനിക്കുന്നതിന് മുമ്പ് തന്നെ മോശം അഭിപ്രായങ്ങൾ വന്നു. ഒന്നിലേറെ ഗ്രൂപ്പുകളുടെ പ്രൊപ്പഗാൻഡ പോലെ തോന്നുന്നു. ചിത്രത്തിന്റെ കൺസെപ്റ്റും 3ഡി ചെയ്യാനെടുത്ത പ്രയത്‌നവും ഗംഭീര ദൃശ്യങ്ങളും കൈയ്യടി അർഹിക്കുന്നു. അഭിമാനിക്കൂ ടീം കങ്കുവ, നെഗറ്റീവ് കമന്റിടുന്നവർ സിനിമയുടെ ഉയർച്ചയ്ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നും ജ്യോതിക പറഞ്ഞിരുന്നു.
സൂര്യ ഇരട്ട വേഷം ചെയ്ത കങ്കുവ കഴിഞ്ഞവർഷമാണ് പുറത്തിറങ്ങിയത്. ബോളിവുഡ് താരം ബോബി ഡിയോൾ ആണ് വില്ലനായെത്തിയത്. ദിഷ പഠാണി, യോഗി ബാബു, കെ.എസ്.രവികുമാർ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ചിത്രം, 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറഞ്ഞത്. 2 ഭാഗങ്ങളായി കഥ പറയുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.