നാളെ മുതല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ പിഴ ഈടാക്കും
തിരുവനന്തപുരം: നാളെ മുതല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ പിഴ നല്‍കണം. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതില്‍ പിഴ ഈടാക്കുന്നതിന് 15 ദിവസം നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. പിഴ ഈടാക്കല്‍ തുടങ്ങുമ്പോഴും ബദല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച അവ്യക്തത തുടരുകയാണ്.
ജനുവരി ഒന്നിനാണ് പ്ലാസ്റ്റിക് നിരോധം സംസ്ഥാനത്ത് നടപ്പിലാക്കിയത്. എന്നാല്‍ ബദല്‍ സംവിധാനങ്ങളുടെ കുറവും ബോധവത്കരണത്തിനും കൂടി വേണ്ടിയാണ് ആദ്യത്തെ 15 ദിവസം ഇക്കാര്യത്തില്‍ ഇളവ് വരുത്തിയത്. ഈ കാലയളവ് വരെ പിഴ ഈടാക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ സമയപരിധി ആണ് ഇന്ന് രാത്രി 12 മണിയോടുകൂടി അവസാനിക്കുന്നത്.
നാളെ മുതല്‍ നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യഘട്ടത്തിലെ നിയമലംഘനത്തിന് 10000 രൂപയും രണ്ടാംഘട്ടത്തിലേതിന് 25000 രൂപയും പിഴയും മൂന്നാമതും നിയമലംഘനം നടത്തുകയാണെങ്കില്‍ 50000 രൂപയായിരിക്കും പിഴ നല്‍കേണ്ടി വരിക.