KeralaNews

ആംബുലൻസുകള്‍ രണ്ടും കട്ടപ്പുറത്ത്, കാത്തുകിടന്നത് മൂന്നുമണിക്കൂർ; അട്ടപ്പാടിയില്‍ ചികിത്സ ലഭിക്കാതെ യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരംവീണ് പരിക്കേറ്റ 25 വയസ്സുകാരനെ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ദാരുണാന്ത്യം. അട്ടപ്പാടി ഒമ്മലസ്വദേശി ഫൈസല്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള വെന്റിലേറ്റര്‍ ആംബുലന്‍സ് കാത്ത് കോട്ടത്തറയിലെ അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ മൂന്നുമണിക്കൂറോളമാണ് കിടക്കേണ്ടിവന്നത്.

ഒടുവില്‍ ഒറ്റപ്പാലത്തുനിന്ന് ആംബുലന്‍സ് എത്തിച്ചെങ്കിലും പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയ്ക്കിടെ ഫൈസല്‍ മരിച്ചു. കോട്ടത്തറ ആശുപത്രിയിലെ വെന്റിലേറ്റര്‍ സൗകര്യമുള്ള രണ്ട് ആംബുലന്‍സുകളും ഇപ്പോള്‍ കട്ടപ്പുറത്താണ്.ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. കാവുണ്ടിക്കല്ലില്‍ പ്ലംബിങ് പണിക്കിടയില്‍ ഉച്ചഭക്ഷണംകഴിക്കാനായി ഓട്ടോറിക്ഷയില്‍ അഗളിയിലെത്തി തിരിച്ചു മടങ്ങുകയായിരുന്നു ഫൈസലും സുഹൃത്തുക്കളും.

ഗൂളിക്കടവില്‍വെച്ച് മരം കടപുഴകി ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീഴുകയായിരുന്നു. ഫൈസലിന്റെ തലയിലാണ് മരം വീണത്.പ്രദേശത്തുണ്ടായിരുന്നവര്‍ചേര്‍ന്ന് മരംമാറ്റി ഗുരുതരപരിക്കേറ്റ ഫൈസലിനെ കോട്ടത്തറയിലെ അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള എ.എല്‍.എസ്. (അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട്) ആംബുലന്‍സ് വേണമെന്നും പറഞ്ഞു. ഒറ്റപ്പാലത്തുനിന്ന് വെന്റിലേറ്റര്‍ ആംബുലന്‍സ് എത്തിയത് ആറുമണിയോടെയാണ്. പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ആരോഗ്യനിലയില്‍ സംശയംതോന്നിയ സുഹൃത്തുക്കള്‍ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫൈസലിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വൈകീട്ട് 7.47 ഓടെ മരണം സ്ഥിരീകരിച്ചു.

ഓട്ടോയില്‍ ഫൈസലിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ സനൂപ്, ഷൗക്കത്തലി എന്നിവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു ഫൈസലിന്റെ മൃതദേഹം മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍. ഭാര്യ: ഷഫീന. മകന്‍: മിസ്ഹബ്.

കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള രണ്ട് ആംബുലന്‍സ് ഉണ്ടെങ്കിലും ഫൈസലിന്റെ ജീവന്‍ രക്ഷിക്കാന്‍ അവ തുണയായില്ല. ആശുപത്രിയിലെ എ.എല്‍.എസ്. (അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട്) ആംബുലന്‍സുകള്‍ രണ്ടും മാസങ്ങളായി ഓടുന്നില്ല.

കോട്ടത്തറ ആശുപത്രിക്കായി രണ്ടുവര്‍ഷംമുന്‍പ് വി.കെ. ശ്രീകണ്ഠന്‍ എം.പി.യും ഒരു വര്‍ഷം മുന്‍പ് സൗത്ത് ഇന്ത്യന്‍ ബാങ്കും എ.എല്‍.എസ്. ആംബുലന്‍സ് നല്‍കിയിരുന്നു.ഈ ആംബുലന്‍സില്‍ ഒരെണ്ണം അപകടത്തില്‍പ്പെട്ടും ഒരെണ്ണം മറ്റു തകരാര്‍ കാരണവും വര്‍ക്ക്‌ഷോപ്പിലായിട്ട് മാസങ്ങളായി.

അപകടത്തില്‍പ്പെട്ട ആംബുലന്‍സിന് പോലിസിന്റെയും ആരോഗ്യവകുപ്പിന്റെയും നടപടികള്‍ പൂര്‍ത്തികരിക്കേണ്ടതിനാല്‍ തകരാര്‍ പരിഹരിക്കുന്നത് വൈകുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പത്മനാഭന്‍ പറഞ്ഞു.മറ്റൊരു ആംബുലന്‍സ് പാലക്കാടുനിന്നു തൃശ്ശൂര്‍ വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റേണ്ടിവന്നു. അടിയന്തരമായി തകരാര്‍ പരിഹരിച്ച് ഇവ ആശുപത്രിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button