കുഴല്‍പ്പണം കൊണ്ടുവന്നത് ഏത് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് വ്യക്തമല്ല; ഡി.ജി.പി തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി

തൃശൂര്‍: കൊടകരയില്‍ ഒരു ദേശീയപാര്‍ട്ടിക്കായി കൊണ്ടുവന്ന കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി. കുഴല്‍പ്പണം കൊണ്ടുവന്നത് ഏത് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും, ചോദ്യം ചെയ്യല്‍ നടക്കുന്നതായും ഡിജിപി വിശദീകരിക്കുന്നു.

തൃശൂര്‍ എസ്പിയുടെ റിപ്പോര്‍ട്ടും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടുണ്ട്. വാഹനകവര്‍ച്ച കേസില്‍ ഒമ്പത് പേര്‍ ഇതുവരെ കസ്റ്റഡിയിലായിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍, തൃശൂര്‍ സ്വദേശികളാണ് പിടിയിലായത്. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത ഏഴു പേരും ഇവര്‍ക്ക് താമസമൊരുക്കിയ രണ്ട് പേരുമാണ് ഇത്.

എറണാകുളത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്താല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും തൃശൂര്‍ റൂറല്‍ എസ് പി ജി പൂങ്കുഴലി വ്യക്തമാക്കി.

വാഹനത്തില്‍ പണം കൊണ്ടുപോകുന്ന വിവരം എങ്ങനെ ചോര്‍ന്നു കിട്ടി, ഈ പണം എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നീ കാര്യങ്ങളാണ് ഇനി അറിയേണ്ടത്. സംഭവത്തില്‍ പ്രധാന പ്രതിയെന്ന് കരുതുന്ന രഞ്ജിത്തിനെ പിടികൂടാനുളള ശ്രമം തുടരുകയാണ്. എറണാകുളത്ത് പ്രതികള്‍ക്കൊപ്പം താമസിച്ചിരുന്ന രഞ്ജിത്ത് പോലീസെത്തിയ സമയത്ത് സംഘത്തിലുണ്ടായിരുന്നില്ല.

വ്യാപാര ആവശ്യത്തിനായുളള 25 ലക്ഷം രൂപയും കാറും കവര്‍ന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധര്‍മരാജന്റെ പരാതി. എന്നാല്‍ കാറില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു ദേശീയ പാര്‍ട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമാണ് ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News