Featuredhome bannerHome-bannerNationalNews

ബംഗാള്‍ ട്രെയിന്‍ അപകടം:മരണസംഖ്യ ഉയരുന്നു; മരണം 15, 60 പേർക്ക് പരുക്ക്

കൊൽക്കത്ത: ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി. അറുപതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കു തിരിച്ചു. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ചരക്ക് ട്രെയിൻ സിഗ്നൽ മറികടന്ന് കാഞ്ചൻജംഗ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8.50നായിരുന്നു അപകടമെന്നാണ് വിവരം. അപകടത്തിൽ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്. ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും കാഞ്ചൻജംഗ എക്സ്പ്രസിലെ ഗാർഡും അപകടത്തിൽ മരിച്ചവരിലുൾപ്പെടുന്നു. രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് റെയിൽവേ ബോർഡ് ചെയർമാൻ ജയവർമ സിൻഹ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങിയവർ അപകടത്തിൽ അനുശോചനം അറിയിച്ചു. അപകടം ഞെട്ടിക്കുന്നതാണെന്നും സംഭവസ്ഥലത്തേക്ക് ഉടൻ എത്താൻ ഡോക്ടർമാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും നിർദേശം നൽകിയതായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

ബംഗാളിനെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽചാറും അഗർത്തലയുമായി ബന്ധിപ്പിക്കുന്ന കാഞ്ചൻജംഗ എക്സ്പ്രസ് പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയതും ഇടുങ്ങിയതുമായി സിലിഗുരി ഇടനാഴിക്ക് സമീപമാണ് അപകടമുണ്ടായത്. ഇത് മറ്റു ട്രെയിനുകളെയും ബാധിച്ചേക്കുമെന്നാണ് പ്രാഥമിക വിവരം.

അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി റെയിൽവേ ഹെൽപ്‌ലൈൻ നമ്പറുകൾ സജ്ജമാക്കി: 033–23508794, 033–23833326 (സെൽഡ), 03612731621,03612731622, 03612731623 എന്നിവയാണ് നമ്പറുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker