CrimeNationalNews

രേണുകാസ്വാമിയുടെ കുടുംബത്തിനും ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി കിട്ടണം; ദർശന്റെ അറസ്റ്റിൽ സുദീപ്

ബംഗലൂരു:രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർതാരം ദർശൻ തൂ​ഗുദീപയും സുഹൃത്തും നടിയുമായ പവിത്ര ​ഗൗഡയും അറസ്റ്റിലായതിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. കേസിൽ ഒന്നാം പ്രതിയാണ് പവിത്ര. ദർശൻ രണ്ടാം പ്രതിയും. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇരുവരുടേയും അറസ്റ്റുമായി ബന്ധപ്പെട്ട് കന്നഡയിലെ മറ്റൊരു സൂപ്പർതാരമായ കിച്ചാ സുദീപിന്റെ പ്രതികരണം ശ്രദ്ധനേടുകയാണ്.

കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യക്കും അവർക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് സുദീപ് മാധ്യമങ്ങളോടുപറഞ്ഞു. കന്നഡ ചലച്ചിത്ര മേഖലയെ ഒന്നടങ്കം ജനങ്ങൾ കുറ്റപ്പെടുത്തുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കുറ്റം ചെയ്തയാൾക്ക് ശിക്ഷ കിട്ടിയാലേ ജനങ്ങളിൽനിന്ന് ക്ലീൻ ചിറ്റ് കിട്ടൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദർശന്റെ പേര് പരാമർശിക്കാതെയായിരുന്നു സുദീപിന്റെ അഭിപ്രായപ്രകടനം.

“മാധ്യമങ്ങളിൽ വരുന്നതുമാത്രമാണ് നമുക്കറിയാവുന്നത്. കാരണം നമ്മളാരും വിവരം തിരക്കാൻ പോലീസ് സ്റ്റേഷനിൽ പോകുന്നില്ലല്ലോ. സത്യം മറനീക്കിക്കൊണ്ടുവരാൻ മാധ്യമങ്ങളും പോലീസും കഠിനാധ്വാനം ചെയ്യുന്നുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബവും ഭാര്യയും നീതി അർഹിക്കുന്നുണ്ട്. തെരുവിൽക്കിടന്ന് മരിച്ച രേണുകാസ്വാമിക്ക് നീതി ലഭിക്കണം. അയാളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് നീതി കിട്ടണം. എല്ലാത്തിനുമുപരി എല്ലാവർക്കും നീതിയിൽ വിശ്വാസമുണ്ട്. ഈ കേസിൽ നീതി വിജയിക്കണം.” കിച്ചാ സുദീപ് പറഞ്ഞു.

രേണുകാസ്വാമിയുടെ കൊലപാതകവും പിന്നാലെ നടൻ ദർശനെ അറസ്റ്റ് ചെയ്തതും കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന് സുദീപ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ അന്തരീക്ഷം അത്ര ശരിയാണെന്ന് തോന്നുന്നില്ല. ഫിലിം ഇൻഡസ്ട്രിക്ക് നീതിയും ക്ലീൻ ചിറ്റും ലഭിക്കണം. സിനിമ എന്നാൽ ഒന്നോ രണ്ടോ ആളുകളല്ല. ഒരുപാട് താരങ്ങൾ ഉൾപ്പെടുന്ന മേഖലയാണിത്. കുറ്റവാളി ശിക്ഷിക്കപ്പെട്ടാലേ ഇൻഡസ്ട്രിക്ക് ആശ്വാസമാകൂ എന്നും സുദീപ് കൂട്ടിച്ചേർത്തു.

ഈ മാസം എട്ടിനാണ് ചിത്രദുർ​ഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒൻപതിന് കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തി. നടിയും ഫാഷൻ ഡിസൈനറുമായ പവിത്ര ഗൗഡ ദർശനുമായി പത്തുവർഷമായി ബന്ധം പുലർത്തിവരുന്നതായി പോലീസ് പറഞ്ഞു. ഇവർക്ക് ഭർത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് ‘ചലഞ്ചിങ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശനുമായി പത്തുവർഷത്തെ ബന്ധം’ എന്നപേരിൽ ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റുചെയ്തിരുന്നു. ഇതിനെ വിമർശിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭർത്താവുമൊത്തുളള ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തു.

ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദർശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹികമാധ്യമത്തിൽ നിറഞ്ഞു. തുടർന്ന് ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ മോശം കമന്റിട്ടു. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകൾ നിരന്തരം വരാൻതുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താൻ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker