CrimeKeralaNews

ഭാര്യയുടെ കാമുകനെന്ന് സംശയം,കോട്ടയത്ത് ബന്ധുവിനെ യുവാവ് വെട്ടിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്‌

കോട്ടയം : കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തിൽ വെട്ടേറ്റ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 7:30 യോടു കൂടി വടവാതുർ കുരിശിന് സമീപം ആയിരുന്നു അക്രമ സംഭവങ്ങൾ ഉണ്ടായത്.

ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും ആക്രമിച്ച പ്രതി അജീഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

ശനിയാഴ്ച വൈകിട്ട് 7 45 ഓടെ കോട്ടയം വടവാതൂർ ശാന്തി ഗ്രാം കോളനിയിലേയ്ക്കുള്ള വഴിയിൽ ആയിരുന്നു അക്രമ സംഭവങ്ങൾ. കൊല്ലപ്പെട്ട രഞ്ജിത്ത് അജീഷിൻ്റെ ഭാര്യയുടെ അമ്മാവൻ്റെ മകളുടെ ഭർത്താവ് ആണ്. അജീഷ് സംശയ രോഗി ആണ് എന്ന് പൊലീസ് പറയുന്നു.

ഭാര്യയുടെ കാമുകനാണ് എന്ന് സംശയിച്ച് ഇയാൾ പലരോടും മുൻപും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ മണർകാട് ജോലിക്ക് ശേഷം ശാന്തിഗ്രാം കോളനി ഭാഗത്തേക്ക് വരികയായിരുന്നു കൊല്ലപ്പെട്ട രഞ്ജിത്തും സുഹൃത്ത് റിജോയും. വടവാതൂർ കുരിശിനു സമീപത്ത് പതിയിരുന്ന പ്രതി , ഇരുവരും നടന്നു വരുമ്പോൾ കടന്നാക്രമിക്കുകയായിരുന്നു.

ഇടത് കക്ഷത്തിൽ ആഴത്തിൽ വെട്ടേറ്റ രഞ്ജിത്തിനെ നാട്ടുകാർ ചേർന്ന് ആദ്യം വടവാതൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റിജോയുടെ വലത് കയ്യിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അക്രമത്തിന് ശേഷം നാട്ടുകാർ കൂടിയതോടെ പ്രതി അജീഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പ്രതിക്കായി കോട്ടയം മണർകാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button