NationalNews

കുടചൂടി ഡ്രൈവർ ബസ് ഓടിച്ചു, കണ്ടക്ടർ വീഡിയോ എടുത്തു; പിന്നീട് സംഭവിച്ചത്‌

ബെംഗളൂരു: മഴയത്ത് കുടചൂടി ട്രാന്‍സ്‌പോര്‍ട്ട് ബസ് ഓടിച്ച ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന വനിതാ കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍. നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി.യുടെ ധാര്‍വാഡ് ഡിപ്പോയിലെ ഡ്രൈവര്‍ ഹനുമന്തപ്പയെയും കണ്ടക്ടര്‍ അനിതയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

വ്യാഴാഴ്ചയാണ് ബെട്ടഗെരി-ധാര്‍വാഡ് റൂട്ടിലോടുന്ന ബസില്‍ ഹനുമന്തപ്പ ഡ്രൈവറുടെ സീറ്റില്‍ കുട ചൂടിയിരുന്ന് ബസ് ഓടിച്ചത്. അനിത ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബസ് ചോരുന്നതിനാല്‍ ഡ്രൈവര്‍ കുടചൂടിയതാണെന്ന മട്ടിലാണ് വീഡിയോ പ്രചരിച്ചത്.

ഒരു കൈയില്‍ കുടപിടിച്ച് മറ്റേ കൈകൊണ്ട് സ്റ്റിയറിങ് പിടിച്ച് ബസ് ഓടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതേപ്പറ്റി അന്വേഷണം നടത്തിയാണ് ആര്‍.ടി.സി. അധികൃതര്‍ നടപടിയെടുത്തത്. ബസ് ചോരുന്നതാണെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതര്‍ വിശദീകരിച്ചു.

ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നും തമാശയ്ക്കായാണ്‌ ഡ്രൈവര്‍ കുടചൂടി ബസ് ഓടിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു. ഹനുമന്തപ്പയെയും വീഡിയോ മൊബൈലില്‍ പകര്‍ത്തിയ കണ്ടക്ടര്‍ അനിതയെയും സസ്പെന്‍ഡ് ചെയ്തതായും അറിയിച്ചു. അനിതയുടെ പക്കലുണ്ടായിരുന്ന കുടവാങ്ങിയാണ് ബസ് ഓടിക്കുന്നതിനിടെ ഹനുമന്തപ്പ ചൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button