‘മമ്മൂട്ടി അങ്കിള്‍ എന്നെയൊന്ന് കാണാന്‍ വരുമോ’ കുഞ്ഞാരാധികയുടെ ചോദ്യം; ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന അവള്‍ക്കരികിലേയ്ക്ക് മമ്മൂട്ടി എത്തി!
ആശുപത്രിക്കിടക്കയില്‍ കിടന്ന് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുഞ്ഞ് ആരാധികയുടെ ജന്മദിനത്തില്‍ തന്നെ എത്തി ആഗ്രഹം സാധിച്ചുകൊടുത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി. നാളെ തന്റെ ജന്മദിനമാണെന്നും മമ്മൂട്ടി അങ്കിള്‍ എന്നെയൊന്ന് കാണാന്‍ വരുമോ എന്നും ആശുത്രിക്കിടക്കയില്‍ നിന്ന് ചോദിക്കുന്ന കുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി നിറഞ്ഞിരുന്നു.
എന്നാല്‍, ഇതിനിടെ, ഇതേ ആശുപത്രിയില്‍ യാദൃച്ഛികമായി എത്തിയ മമ്മൂട്ടിയോട് ഡോക്ടര്‍മാര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ഉടനെ തന്റെ കൊച്ചു ആരാധികയെ കാണാന്‍ സൂപ്പര്‍ താരം ഓടി എത്തുകയായിരുന്നു. കുട്ടിയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി കിടക്കയ്ക്ക് അരികിലെത്തി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
നിര്‍മാതാവ് ആന്റോ ജോസഫും പഴ്സനല്‍ അസിസ്റ്റന്റെ എസ്.ജോര്‍ജും മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു. കുഞ്ഞ് ആരാധികയുടെ ഒപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഓര്‍മ നഷ്ടപ്പെടുന്ന അപൂര്‍വരോഗമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്. നിലവില്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയില്‍ കഴിയുകയാണ് കുട്ടി.