NationalNews

വ്യാജരേഖ കേസ് സംശയാസ്പദം: ടീസ്റ്റയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡ‍ൽഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മുൻപ് ഈ കേസിൽ ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി ഉടൻ തന്നെ ടീസ്റ്റയോടു കീഴടങ്ങാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ച് ഇടക്കാല ജാമ്യം നേടി.

കുറ്റപത്രം പ്രകാരം ടീസ്റ്റയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കണ്ടെത്തിയാണ് ഇന്ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന് കർശന നിർദേശവും നൽകി. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, എ.എസ്.ബൊപ്പണ്ണ, ദിപൻകർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ടീസ്റ്റയെ ഇപ്പോൾ അറസ്റ്റ് ചെയ്യാൻ കാരണമെന്താണെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് ചോദിച്ചു. 2022 വരെ അന്വേഷണ ഏജൻസികൾ എന്ത് ചെയ്യുകയായിരുന്നു. ജൂൺ 24 മുതൽ 25 വരെ നടത്തിയ അന്വേഷണത്തിനിടെ ടീസ്റ്റ എന്ത് ഹീനമായ പ്രവർത്തി ചെയ്തുവെന്നാണ് കണ്ടെത്തിയതെന്നും ഗവായ് ചോദിച്ചു. അന്വേഷണം ദുരുദ്ദേശപരമാണോ എന്നും കോടതി ചോദിച്ചു. ടീസ്റ്റയ്‌ക്കെതിരായ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ ശരിയല്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. 

ജൂലൈ ഒന്നിനു ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉടൻ കീഴടങ്ങണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി അന്നുരാത്രി തന്നെ സുപ്രീംകോടതി പരിഗണിക്കുകയും ഹൈക്കോടതി ഉത്തരവ് തടയുകയുമായിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തു ഹർജി നൽകാൻ എന്തുകൊണ്ടു ടീസ്റ്റയ്ക്കു സമയം അനുവദിച്ചില്ലെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

കേസിൽ 2022 ജൂൺ 25നാണു ടീസ്റ്റയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ ആയിരുന്ന ടീസ്റ്റ, സെപ്റ്റംബറിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയിൽമോചിതയായി. തുടർന്ന് ജാമ്യഹർജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യ ഹർജി ഗുജറാത്ത് ഹൈക്കോടതി പലതവണ പരിഗണിക്കാതെ നീട്ടിവച്ചിരുന്നു.

നരേന്ദ്ര മോദി അടക്കമുള്ളവരെ ഗുജറാത്ത് കലാപത്തില്‍ പ്രതികളാക്കാന്‍ ടീസ്റ്റയും മറ്റും ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തെന്നാണ് പൊലീസിന്റെ ആരോപണം.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker