ക്ലാസ് മുറിയില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തി
ഭുവനേശ്വര്‍: ഒഡീഷയിലെ സംബല്‍പൂരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തി. ജമന്‍കിര പോലീസ് പരിധിയിലെ രെംഗുമുണ്ട യുപി സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്നാണ് നാടന്‍ തോക്ക് കണ്ടെത്തിയത്. ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെയാണ് പിസ്റ്റള്‍ ലഭിച്ചത്. സ്‌കൂളിലെ മുന്‍ അസിസ്റ്റന്റ് ടീച്ചറുടെ പിസ്റ്റള്‍ ആണിതെന്ന് സംശയിക്കുന്നു.
ഗോവിന്ദ് ഭോയ് എന്ന മുന്‍ അധ്യാപകന്‍ രണ്ട് ക്ലാസ് മുറികളില്‍ താമസിച്ചിരുന്നു. ക്ലാസ് മുറികളിലൊന്നില്‍ താമസിക്കുകയും മറ്റൊന്ന് അടുക്കളയായി ഉപയോഗിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് നാലിന് ഭോയിയെ സ്ഥലം മാറ്റി. എന്നാല്‍ ഇയാളുടെ സാധനങ്ങള്‍ ഇതുവരെ മാറ്റിയിരുന്നില്ല. അതിനിടെ ക്ലാസ് മുറികളുടെ അഭാവം പഠനത്തിന് തടസ്സമായപ്പോള്‍ ക്ലാസ് മുറികളിലൊന്ന് വൃത്തിയാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചു.
ശനിയാഴ്ച ക്ലാസ് മുറി വൃത്തിയാക്കുന്നതിനിടെ സ്‌കൂള്‍ ജീവനക്കാര്‍ പിസ്റ്റള്‍ കണ്ടെത്തി പ്രഥമാധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിഷയം സിആര്‍സിസിയെ അറിയിച്ചു. ഭോയിക്കെതിരെ നേരത്തെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദിലേശ്വര്‍ സാഹു എന്നയാളെ കോടാലി ഉപയോഗിച്ച് ഇയാള്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. എങ്കിലും അന്വേഷണം ആരംഭിച്ചു.