KeralaNews

തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്; കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെയും നാടകലോകത്തിന്‍റെയും ചരിത്രത്തിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തന്‍റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ അവർ അർപ്പിച്ചു.

കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിൻ്റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ച കെപിഎസി-യിലാണ്. തുടർന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ച അവർ  മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ  അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തുടർന്ന്  അവർ  വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. ഒരഗത്ഭരായ സംവിധായകരുടെ സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവർ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ  മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്.

മലയാള സിനിമയുടെയും നാടകലോകത്തിൻ്റേയും ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തൻ്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker