InternationalNews

ലോകത്തെ ഞെട്ടിച്ച പേജര്‍ സ്‌ഫോടനത്തിന് പിന്നില്‍ യൂണിറ്റ് 8200? ഇസ്രായേലിന്റെ വേറിട്ട കളി എതിരാളികള്‍ കാണാന്‍ പോകുന്നതേയുള്ളൂ

ബെയ്‌റൂട്ട്‌:ലബനനിലെ ഹിസ്ബുള്ള കേന്ദ്രത്തിലുണ്ടായ പേജര്‍ പൊട്ടിത്തെറിയില്‍ ലോകം സംശയിച്ചത് ഇസ്രായേലിനെതന്നെയാണ് പിന്നാലെ ആ സംശയത്തില്‍ കഴമ്പുണ്ടെന്ന് തെളിയുകയും ചെയ്തു. ഇതിന് പിന്നാലെ മൊസാദും ഇസ്രായേലിന്റെ വൈദഗ്ധ്യമേറിയ ആക്രമണ രീതികളും ചര്‍ച്ചയാവുകയാണ്.

ഇസ്രയേലിലെ ഒരു സൈനിക യൂണിറ്റും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകളിലും നിറയുന്നുണ്ട്. യൂണിറ്റ് 8200. ലോകത്തിലെ തന്നെ ഏറ്റവും ആക്രമണോത്സുകതയുള്ള ഹൈടെക് ചാരസംഘടനയാണ്. ഇസ്രയേല്‍ സൈന്യത്തിലെ ഏറ്റവും അംഗസംഖ്യയുള്ള ഒറ്റ സൈനിക യൂണിറ്റാണ് ഇത്. പതിനായിരക്കണക്കിനു പേരാണ് ഇതിലുള്ളത്. 18-25 വരെ വയസ്സുള്ളവരാണ് ഇതില്‍ സിംഹഭാഗവും. പേജര്‍ പൊട്ടിത്തെറിയില്‍ ഈ യൂണിറ്റിന് നിര്‍ണായകമായ പങ്കുണ്ടായിരുന്നെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍.

ഇവര്‍ക്ക് ഒരു പ്രത്യേകതയുണ്ട് ഇവര്‍ പ്രവര്‍ത്തിക്കുന്നത് സാധാരണ ഒരു സൈനികവിഭാഗം പ്രവര്‍ത്തിക്കുന്നതു പോലെയല്ല, മറിച്ച് ഒരു കോര്‍പറേറ്റ് കമ്പനിയുടെ രീതിയിലാണ് യൂണിറ്റ് 8200 പ്രവര്‍ത്തിക്കുന്നത്. കംപ്യൂട്ടര്‍ സാങ്കേതികവിദ്യയിലും കോഡിങ്ങിലും സമര്‍ഥരായ വിദ്യാര്‍ഥികളെ സ്‌കൂള്‍ തലത്തില്‍ തന്നെ സ്‌കൗട്ടിങ് വഴി കണ്ടെത്തും. തിരഞ്ഞെടുത്തവരെ മാഗ്ഷിമിം എന്ന പരിശീലന പരിപാടിയിലൂടെ സൈബര്‍ യുദ്ധമുറകളിലും ഹാക്കിങ്ങിലും അഗ്രഗണ്യരാക്കിയ ശേഷമാണ് യൂണിറ്റ് 8200ല്‍ അംഗത്വം നല്‍കുന്നത്.

യൂണിറ്റ് 8200ല്‍ നിന്നു പുറത്തിറങ്ങുന്നവര്‍ക്ക് വലിയ വിലയാണ് സൈബര്‍ കമ്പനികള്‍ നല്‍കുന്നത്. ഇവരില്‍ പലരും സ്വന്തമായി സ്റ്റാര്‍ട്ടപ്പുകളും തുടങ്ങാറുണ്ട്. ഇത്തരമൊരു സംരംഭമായിരുന്നു എന്‍എസ്ഒ ഗ്രൂപ്പും. ഇവരാണ് കുപ്രസിദ്ധമായ പെഗസസ് സോഫ്റ്റ്വെയര്‍ നിര്‍മിച്ചത്. ഇസ്രയേലി ഇന്റലിജന്‍സ് വൃത്തങ്ങളുമായി ബന്ധപ്പെട്ടാണ് യൂണിറ്റ് 8200 പ്രവര്‍ത്തിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യൂണിറ്റിന്റെ ഉപഭോക്താക്കള്‍ ഇസ്രയേലി ഇന്റലിജന്‍സ് ഓഫിസര്‍മാരാണ്.

സിഗ്‌നലുകള്‍ ശേഖരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നെജേവ് മരുഭൂമിയില്‍ വലിയ ഒരു സ്റ്റേഷനും ഇവര്‍ക്കുണ്ടെന്നു കരുതുന്നു. ഇതിലൂടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള കപ്പലുകള്‍ വരെ ട്രാക്ക് ചെയ്യുന്നതിനുള്‍പ്പെടെ ശേഷി ഇവര്‍ കൈവരിച്ചിട്ടുണ്ട്. സിറിയയില്‍ 2007ല്‍ അല്‍ കിബര്‍ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ആണവ റിയാക്ടര്‍, ഓപ്പറേഷന്‍ ഓര്‍ച്ചാഡ് എന്ന പേരില്‍ നടത്തിയ ദൗത്യത്തില്‍ ഇസ്രയേലി പ്രതിരോധ സേനകള്‍ ആക്രമിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ സിറിയന്‍ എയര്‍ഡിഫന്‍സ് പ്രവര്‍ത്തിക്കാതിരിക്കാന്‍ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ ഹാക്കിങ് നടത്തിയത് യൂണിറ്റ് 8200 ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker