തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും മുതിര്‍ന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് ഇവരുടെ അഭിപ്രായം തേടിയത്.
തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മുന്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി. കെ. എ നായര്‍, സി. പി. നായര്‍, ജെയിംസ് വര്‍ഗീസ്, ജോണ്‍ മത്തായി, ബാബു ജേക്കബ്, കെ. ജയകുമാര്‍, എസ്. എം. വിജയാനന്ദ്, ഷീല തോമസ്, പോള്‍ ആന്റണി, ടി. ബാലകൃഷ്ണന്‍, കെ. എം. എബ്രഹാം, പി. എച്ച്. കുര്യന്‍, രമണ്‍ശ്രീവാസ്തവ, അബ്ദുള്‍ സത്താര്‍കുഞ്ഞ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
മികച്ച നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായത്. പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ ഇനിയുള്ള കാലയളവിലേക്ക് തീവ്രയജ്ഞ പരിപാടി തയ്യാറാക്കണമെന്ന് മുന്‍ ചീഫ് സെക്രട്ടറി സി. പി നായര്‍ പറഞ്ഞു. ഏറ്റവും പാവപ്പെട്ടവര്‍ക്ക് എത്രയും വേഗം സേവനം ലഭ്യമാക്കാനാവണം. സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിലെ വിടവ് പരിഹരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഭരണതീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ടി. കെ. എ നായര്‍ പറഞ്ഞു. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടണം. സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം നടത്തണം. ആഴ്ചയില്‍ ഒരു ദിവസം വകുപ്പ് സെക്രട്ടറിമാരും വകുപ്പ് തലവന്‍മാരും പൊതുജനങ്ങളെ നേരില്‍ കാണുന്നതിന് സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് ഒരു സര്‍വീസ് ഡെലിവറി പ്ലാന്‍ ഉണ്ടാവണമെന്ന് എസ്. എം. വിജയാനന്ദ് പറഞ്ഞു. എസ്. സി, എസ്. ടി വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി ഒരു മിഷന്‍ രൂപീകരിക്കാവുന്നതാണ്. കൂടാതെ കരുതല്‍, മികച്ച ഭരണം എന്നിവയ്ക്കും മിഷനുകള്‍ രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായ മേഖലയില്‍ സ്വകാര്യ മേഖലയെക്കൂടി സജീവമാക്കണമെന്ന് പോള്‍ ആന്റണി നിര്‍ദ്ദേശിച്ചു. വ്യവസായ സ്ഥാപനങ്ങളുടെ ബോര്‍ഡുകളെ ശക്തിപ്പെടുത്തുകയും വേണം. മാലിന്യ സംസ്‌കരണത്തില്‍ കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ പദ്ധതികള്‍ നടപ്പാക്കണമെന്ന് ജെയിംസ് വര്‍ഗീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരുടെ പ്രകടനവും വിലയിരുത്തണം. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു.
സേവനാവകാശ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് കെ. ജയകുമാര്‍, ടി. ബാലകൃഷ്ണന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. പ്രധാന പദ്ധതികള്‍ പുരോഗമിക്കുമ്പോള്‍ തന്നെ വിലയിരുത്തല്‍ നടക്കണമെന്നും ആദിവാസി മേഖലയുടെ വികസനത്തിന് പ്രത്യേക ടാസ്‌ക് ഫോഴ്സ് ഉണ്ടാവണമെന്നും കെ. ജയകുമാര്‍ പറഞ്ഞു. പാസ്പോര്‍ട്ട് സേവനം വളരെ വേഗത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഇതേ മാതൃക പരീക്ഷണാടിസ്ഥാനത്തില്‍ പരിഗണിക്കാവുന്നതാണെന്നും ടി. ബാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ചേരുമ്പോള്‍ തന്നെ അതിന്റെ ഭാഗമായി നിര്‍ബന്ധമായും പരിശീലനം നല്‍കിയിരിക്കണമെന്ന് ഷീല തോമസ് പറഞ്ഞു. ജനങ്ങളുടെ പരാതി തീര്‍ക്കാന്‍ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നും പറഞ്ഞു.
ഇ ഗവേണന്‍സ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്ന് പി. എച്ച്. കുര്യന്‍ പറഞ്ഞു. ഒരാവശ്യത്തിനായി ഒരാളെ പലതവണ ഓഫീസില്‍ വരുത്തുന്നത് ഒഴിവാക്കാനുള്ള സംവിധാനം ഇ ഗവേണന്‍സിലൂടെ നടപ്പാക്കണമെന്നും വിവിധ വകുപ്പുകളുടെ പക്കലുള്ള വിവരം ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ ഗവേണന്‍സ് സംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിക്കണമെന്ന് ജോണ്‍ മത്തായി പറഞ്ഞു. ജില്ലാ കളക്ടര്‍മാര്‍ താലൂക്ക് തലത്തില്‍ അദാലത്തുകള്‍ നടത്തി ജനങ്ങളുടെ പരാതികള്‍ പരിഹരിക്കണം. ഒരാള്‍ അവധിയിലാണെങ്കില്‍ ഫയല്‍ അവിടെ കിടക്കുന്ന സ്ഥിതിക്കും മാറ്റമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തി അയയ്ക്കുന്ന തപാല്‍ സംബന്ധിച്ച പൂര്‍ണമായ വിവരം അയാള്‍ക്ക് ലഭിക്കുന്നതിനും ഫയല്‍ വായിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് കെ. എം. എബ്രഹാം പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്‍ ചെയ്യുന്ന ജോലിയുടെ എഫിഷ്യന്‍സി ഇന്‍ഡക്സ് പരിശോധിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡ് റീകണ്‍സ്ട്രക്ടിംഗ് പ്ലാന്‍ നടപ്പാക്കണമെന്നും നഗര മേഖലയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാവണമെന്നും ബാബു ജേക്കബ് നിര്‍ദ്ദേശിച്ചു. ഫയല്‍ നീക്കം കാര്യക്ഷമമാകണമെന്ന് രമണ്‍ ശ്രീവാസ്തവ പറഞ്ഞു. പോലീസിന്റേത് എപ്പോഴും സേവന മുഖമായിരിക്കണമെന്ന് അബ്ദുള്‍ സത്താര്‍ കുഞ്ഞ്് നിര്‍ദ്ദേശിച്ചു.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി. കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. എസ്. സെന്തില്‍, ഐ. ടി. സെക്രട്ടറി ശിവശങ്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.