താനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രം, അല്ലാതെ സുരക്ഷ ഉറപ്പുള്ളതുകൊണ്ടല്ലെന്ന് നടി പാര്‍വ്വതി
താനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണൈന്നും അല്ലാതെ സുരക്ഷയുള്ളതുകൊണ്ടല്ലെന്നും നടി പാര്‍വതി തിരുവോത്ത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക പദുകോണ്‍ അഭിനയിച്ച ഛപാക്കിനെ പ്രശംസിച്ച് രംഗത്തെത്തിയതിനിടെയാണ് പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.
ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന യുവതിയുടെ കഥ പറയുന്ന ഉയരെയില്‍ പാര്‍വതിയായിരുന്നു നായിക. ഉയരെ ചെയ്യുമ്പോള്‍ തനിക്കുണ്ടായിരുന്ന അനുഭവത്തോട് ഛപാക് കണ്ട ശേഷമുള്ള അവസ്ഥയെ ഉപമിച്ചുകൊണ്ടാണ് പാര്‍വതി ഛപാകിനെ പ്രശംസിച്ചത്.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പാര്‍വതി ഛപാകിനെ പ്രശംസിച്ചത്. മാല്‍തിയുടെ യാത്രയോട് ഇത്രമേല്‍ ചേര്‍ന്നു നിന്നതിന് ദീപികയോടും മേഘ്‌നയോടും നന്ദി പറയുന്നുവെന്നും ലോകത്തുള്ള എല്ലാ പല്ലവിമാര്‍ക്കും മാല്‍തിമാര്‍ക്കും വേണ്ടി തുറന്നു പറയാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
യഥാര്‍ത്ഥ ജീവിതകഥയാണ് മേഘ്ന ഗുല്‍സാര്‍ ഒരുക്കിയ ചിത്രം ഛപാകില്‍ പറയുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ ദീപിക പദ്കോണാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
പാര്‍വതിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘മാല്‍തിയുടെ യാത്രയോട് ഇത്രമേല്‍ ചേര്‍ന്നു നിന്നതിന് ദീപികയോടും മേഘ്‌നയോടും നന്ദി പറയുന്നു. ലോകത്തുള്ള എല്ലാ പല്ലവിമാര്‍ക്കും മാല്‍തിമാര്‍ക്കും വേണ്ടി തുറന്നു പറയാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ആസിഡ് ഇന്നും രാജ്യത്ത് അനായാസം ലഭ്യമാണ്. എല്ലാ വര്‍ഷവും നൂറുകണക്കിന് ജീവനുകളാണ് നമുക്ക് നഷ്ടമാകുന്നതെന്ന് മറക്കാതിരിക്കുക. ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണ്. അല്ലാതെ സുരക്ഷ ഉറപ്പുള്ളത് കൊണ്ടല്ല. നമുക്ക് നമ്മള്‍ മാത്രമേയുള്ളു.’
https://www.instagram.com/tv/B7Ym0W3F2QH/?utm_source=ig_web_copy_link