28.3 C
Kottayam
Friday, May 3, 2024

അവന്‍ മാവോയിസ്റ്റാക്കിയ ഒരു എസ്.എഫ്.ഐക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ജയരാജന് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് അലന്റെ മാതാവ്

Must read

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ് സിപിഎമ്മിനെ മറയാക്കിയെന്ന പി. ജയരാജന്റെ പ്രതികരണത്തിനെതിരേ തുറന്നടിച്ച് അലന്റെ മാതാവ് സബിത മഠത്തില്‍. അലന്‍ മാവോയിസ്റ്റാക്കിയ ഒരു എസ്എഫ്‌ഐക്കാരനെ ചൂണ്ടിക്കാണിക്കാന്‍ ജയരാജനു ധൈര്യമുണ്ടോയെന്ന് സബിത ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. അലന്‍ ഒരിക്കലും എസ്എഫ്‌ഐക്കാരനായിരുന്നില്ല. അങ്ങനെയൊരാള്‍ക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ വഴിതെറ്റിക്കാനാവുക. എസ്എഫ്‌ഐക്കാര്‍ക്ക് തീരെ സംഘടനാബോധമില്ലാ എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്നും സബിത മഠത്തില്‍ ചോദിക്കുന്നു. അലന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോരാടുമെന്നും അവര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

സഖാവ് പി. ജയരാജന്‍ വായിച്ചറിയുവാന്‍ …
താങ്കള്‍ ഇന്നലെ KLF വേദിയില്‍ പറഞ്ഞത് വാര്‍ത്തകളിലൂടെ അറിഞ്ഞു.
‘ അലന്‍ SFI യില്‍ നിന്നു ക്കൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തി ‘
സഖാവ് മനസ്സിലാക്കേണ്ട കാര്യം അലന്‍ SFI യില്‍ ഒരിക്കലും സജീവമായിരുന്നില്ല. ഞങ്ങളുടെ വീടിന് അടുത്തുള്ള പ്രാദേശിക CPIM വുമായി ചേര്‍ന്നാണ് അവന്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലയാട് കാമ്പസിലും അവന്‍ സജീവ SFI ക്കാരനായിരുന്നില്ല. അങ്ങനെ SFI യില്‍ കാര്യമായി പ്രവര്‍ത്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് SFI ക്കാരെ മാവോയിസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കുക. താങ്കള്‍ വിചാരിക്കുന്നത് SFI ക്കാര്‍ക്ക് തീരെ സംഘടനാബോധം ഇല്ല എന്നാണോ? അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഏതെങ്കിലും ഒരു SFI ക്കാരനെ ഉദാഹരണമായി കാണിക്കാമോ …
സഖാവ് ഒരു വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിരുന്നു.
സഖാവേ അവന്റെ കൂടെയുള്ളത് സത്യസന്ധമായി മതേതരമായി ജീവിക്കുന്ന അമ്മയും അച്ഛനുമാണുള്ളത് … അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും .

അലന്റെ അര്‍ബന്‍ സെക്കുലര്‍ അമ്മ

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week