NationalNews

പങ്കാളിത്ത പെൻഷൻ: സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശം; ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം

ന്യൂഡൽഹി: ഒന്നാം പിണറായി വിജയൻ സർക്കാർ രൂപീകരിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പിനെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ചീഫ് സെക്രട്ടറി ഡോ. വി. വേണു നവംബർ 10 -ന് നേരിട്ട് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സുപ്രീം കോടതി നടപടികളെ ലാഘവത്തോടെ സർക്കാർ എടുക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ജോയന്റ് കൗസിലിന്റെ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ നൽകിയ ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. പൊതുഖജനാവിലെ പണം ചെലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പൊതുരേഖയാണെന്ന് ജോയന്റ് കൗൺസിലിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ വാദിച്ചു.

2021 ഏപ്രിൽ 30-ന് ലഭിച്ച റിപ്പോർട്ടിനെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പല്ലവ് സിസോദിയയും സ്റ്റാന്‍ഡിങ്‌ കോൺസൽ സി.കെ. ശശിയും കോടതിയിൽ ചൂണ്ടിക്കാട്ടി. 2021 ഏപ്രിലിൽ ലഭിച്ച റിപ്പോർട്ടിൽ ഇതുവരെ തീരുമാനമെടുക്കാത്ത സർക്കാർ, സുപ്രീം കോടതി നടപടികളെ മറികടക്കാനല്ലേ ശ്രമിക്കുന്നതെന്നും കോടതി ആരാഞ്ഞു.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് കൈമാറുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ സമയം തേടിയശേഷം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതിനെ കോടതി വിമർശിച്ചു. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. വിമർശനം അഭിഭാഷകർക്കെതിരെയല്ലെന്നും മുഖ്യമന്ത്രിക്കെതിരെയാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പ് ഹർജിക്കാർക്ക് അടുത്ത വെള്ളിയാഴ്ചയ്ക്കകം കൈമാറിയാൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടതില്ല. ഹർജിക്കാർക്ക് പകർപ്പ് ലഭിക്കണമെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. മന്ത്രിസഭാ രേഖകളുടെ പരിധിയിൽ വരുന്നതെന്ന് പറഞ്ഞ് റിപ്പോർട്ട് അനന്തമായി രഹസ്യമാക്കി വെക്കാൻ കഴില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പഴയ പെൻഷൻ പദ്ധതി മറ്റുചില സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ സർക്കാരും റിപ്പോർട്ട് നടപ്പാക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അഭയ് എസ്. ഓക അഭിപ്രായപ്പെട്ടു. റിപ്പോർട്ട് ഹർജിക്കാർക്ക് കൈമാറാത്തതെന്തുകൊണ്ടാണെന്ന് സർക്കാർ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു. റിപ്പോർട്ട് പരസ്യമായാൽ ജീവനക്കാർക്കിടയിൽ ഭിന്നതയുണ്ടാകുമെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.

2013 ഏപ്രിൽ ഒന്ന് മുതലാണ് സംസ്ഥാനത്ത് പുതിയ പെൻഷൻ സ്‌കീം അഥവാ പങ്കാളിത്ത പെൻഷൻ സ്‌കീം നടപ്പിലാക്കിയത്. ഈ പെൻഷൻ സ്കീമിനെതിരെ സർക്കാർ ജീവനക്കാരുടെയിടയിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പങ്കാളിത്ത പെൻഷൻ സംബന്ധിച്ച പുനഃപരിശോധനക്ക് മൂന്നം​ഗ സമിതിക്ക് ഒന്നാം പിണറായി സർക്കാർ രൂപംനൽകി. 2021 ഏപ്രിൽ 30-ന് സമിതി റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം ജോയന്റ് കൗസിലിന്റെ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ തേടിയെങ്കിലും സംസ്ഥാന സർക്കാർ അത് കൈമാറാൻ തയ്യാറായില്ല.

ഇതിനെതിരെ വിവരാവകാശ കമ്മീഷണർക്ക് ജോയന്റ് കൗൺസിൽ നൽകിയ പരാതിയിൽ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ വിവരാവകാശ കമ്മീഷൻ നിർദേശിച്ചു. എന്നാൽ, സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കി. മന്ത്രിസഭാ രേഖകളുടെ പരിധിയിൽവരുന്നതാണ് റിപ്പോർട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെയാണ് ജയചന്ദ്രൻ കല്ലിങ്കൽ സുപ്രീം കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker