KeralaNews

‘മണിപ്പുരിൽ സംഭവിച്ചതു കേരളത്തിലും സംഭവിക്കാം’: കേന്ദ്ര സർക്കാരിനെതിരെ നിർമല സീതാരാമന്റെ ഭർത്താവ്

കൊച്ചി ∙ കേന്ദ്ര സർക്കാരിനെതിരായ രൂക്ഷവിമർശനം തുടര്‍ന്നു പ്രമുഖ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പറകാല പ്രഭാകര്‍. മണിപ്പുരിൽ സംഭവിച്ചതു കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച കവി എസ്.രമേശന്റെ ഓർമയ്ക്കു പുരോഗമന കലാ സാഹിത്യസംഘം ആരംഭിച്ച അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു പ്രഭാകർ.

മണിപ്പുര്‍ ഇപ്പോഴും സാധാരണ നിലയിലേക്കു മടങ്ങിവന്നിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം, ഈ വിഷയത്തിൽ വാര്‍ത്തകളൊന്നും കാര്യമായി പുറത്തുവരുന്നില്ലെന്നും പറഞ്ഞു. ‘‘ഇപ്പോഴിത് തടഞ്ഞില്ലെങ്കിൽ എവിടെ വേണമെങ്കിലും സമാനരീതിയിലുള്ള കലാപങ്ങൾ നടക്കാം. എവിടെ നടന്നാലും കേരളത്തിൽ നടക്കില്ല എന്ന തോന്നൽ ആര്‍ക്കും ഉണ്ടാകരുത്’’– അദ്ദേഹം പറഞ്ഞു. 

രാജ്യത്തിന്റെ സാമ്പത്തിക മേഖലയും ജനാധിപത്യവും മതേതരത്വവും മോദി ഭരണത്തിനു കീഴിൽ താറുമാറായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിൽനിന്നു സർക്കാരിൽ ആരുമില്ല, അവർക്ക് സീറ്റു പോലും നൽകുന്നില്ലെന്നും പ്രഭാകർ ആരോപിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും രാജ്യത്തിന്റെ കടവും പെരുകി വരുമ്പോഴും സർക്കാരിന്റേത് ഇതെല്ലാം നിഷേധിക്കുന്ന മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. 

‘‘1947 മുതൽ 2014 വരെ രാജ്യത്തിന്റെ ആകെ കടം 50 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇത് ഉയർന്നു 150 ലക്ഷം കോടി രൂപയായി. തൊഴിലില്ലായ്മ കുതിച്ചുയരുന്നു. ഇതാണ് ഇന്നത്തെ യാഥാർഥ്യം. 1990നു ശേഷം ആദ്യമായി 30 കോടി ജനങ്ങൾ വീണ്ടും പട്ടിണിയിലായി. എന്നാൽ സർക്കാർ പറയുന്നതു തങ്ങൾ 23 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കൈപിടിച്ചു കയറ്റി എന്നാണ്. ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ നില ഏറെ താഴെയാണ്.

എന്നാൽ സർക്കാരിന്റെ അവകാശവാദം ഈ കണക്കൊക്കെ തെറ്റാണെന്നും അവർ ഇന്ത്യാ വിരുദ്ധരാണ് എന്നുമാണ്. യാഥാർഥ്യത്തെ കുറിച്ച് ആരു സംസാരിച്ചാലും അവരൊക്കെ ഇന്ത്യാ വിരുദ്ധരായി മുദ്ര കുത്തപ്പെടും എന്നതാണു നിലവിൽ സംഭവിക്കുന്നത്’’– അദ്ദേഹം പറഞ്ഞു.

പട്ടിണി ഇല്ലാതാക്കിയെങ്കിൽ എന്തുകൊണ്ടാണ് അടുത്ത അഞ്ചു കൊല്ലത്തേക്കു കൂടി പാവപ്പെട്ടവർക്കുള്ള റേഷൻ തുടരുന്നത് എന്നും അദ്ദേഹം ചോദിച്ചു. സർക്കാർ തരുന്ന ഒരു കണക്കുകളും ഇപ്പോൾ വിശ്വസനീയമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘‘അവർ മാനദണ്ഡങ്ങളാണു മാറ്റുന്നത്. മുമ്പ് ഒരു കിലോമീറ്റർ നാലുവരി പാത നിർമിച്ചാൽ അത് കണക്കാക്കുന്നത് 1 കിലോമീറ്റർ എന്നായിരുന്നു. എന്നാൽ ഇത് ഇപ്പോൾ 4 കിലോമീറ്ററായാണു കൂട്ടുന്നത്. അതു ചൂണ്ടിക്കാട്ടി തങ്ങൾ ധാരാളം റോഡ് നിർമിക്കുന്നു എന്ന് സർക്കാർ അവകാശപ്പെടുകയും ചെയ്യും’’– പ്രഭാകർ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker